രണ്ടു ഫലസ്തീന്‍ മല്‍സ്യത്തൊഴിലാളികളെ ഈജിപ്ഷ്യന്‍ നാവികസേന വെടിവച്ചുകൊന്നു

വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൂന്നാമനെ ഈജിപ്ഷ്യന്‍ സേന അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.

Update: 2020-09-26 15:37 GMT

കെയ്‌റോ: ജലാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികളായ രണ്ടു ഫലസ്തീനികളെ ഈജിപ്ഷ്യന്‍ നാവികസേന വെടിവച്ചുകൊന്നു. വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൂന്നാമനെ ഈജിപ്ഷ്യന്‍ സേന അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.

ഈജിപ്ഷ്യന്‍ നാവികസേന മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ പിന്തുടരുകയും ഈജിപ്ഷ്യന്‍ ജലാതിര്‍ത്തി കടന്നതോടെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഗസയിലെ മത്സ്യത്തൊഴിലാളി യൂനിയന്‍ മേധാവി നിസാര്‍ അയ്യാഷ് പറഞ്ഞു.

മൂന്ന് മത്സ്യത്തൊഴിലാളികളും സഹോദരങ്ങളാണെന്നും മധ്യ ഗസയിലെ ഡീര്‍ അല്‍ ബാലായില്‍ താമസിക്കാരാണെന്നും അയ്യാഷ് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച വൈകീട്ട് മല്‍സ്യബന്ധനത്തിനായി കടലിലിറങ്ങിയ സംഘത്തിനു നേരെ വെള്ളിയാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായതെന്ന് മത്സ്യത്തൊഴിലാളി സമിതി കോര്‍ഡിനേറ്റര്‍ സക്കറിയ ബേക്കര്‍ മാന്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

മൂന്ന് മത്സ്യത്തൊഴിലാളികളുടെ തിരോധാനം സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്ന് ഗസയിലെ ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ബോസോം പറഞ്ഞു.

2018 നവംബറിലും ജലാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഈജിപ്ഷ്യന്‍ നാവിക സേന ഫലസ്തീന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും അവരില്‍ ഒരാളെ വധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2019 ജനുവരിയില്‍ കൊടുങ്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ ആറ് ഈജിപ്ഷ്യന്‍ മത്സ്യത്തൊഴിലാളികളെ ഗസയിലെ ഫലസ്തീന്‍ നാവികസേന രക്ഷിച്ചിരുന്നു.

Tags:    

Similar News