ഫലസ്തീനെ പിന്തുണച്ചതിന് വധഭീഷണി; മെഡല്‍ നേട്ടം ആഘോഷിക്കാനാവുന്നില്ലെന്നും ഈജിപ്ഷ്യന്‍ നീന്തല്‍ താരം

Update: 2023-10-17 13:33 GMT

കയ്‌റോ: ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്ന് ഈജിപ്ഷ്യന്‍ നീന്തല്‍ താരം അബ്ദുര്‍റഹ്മാന്‍ സമേഹ്. ഗസയില്‍ യുദ്ധം നടക്കുന്നതിനാല്‍ 2023 ലെ നീന്തല്‍ ലോകകപ്പില്‍ തന്റെ സ്വര്‍ണ മെഡല്‍ നേട്ടം ആഘോഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ഗ്രീസില്‍ നടന്ന ടൂര്‍ണമെന്റില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഫൈനലില്‍ അബ്ദുല്‍റഹ്മാന്‍ എലറാബി എന്നറിയപ്പെടുന്ന സമേഹ് വിജയിച്ചിരുന്നു. എന്നാല്‍ മാനസികമായി കഠിനമായ വേദനയുള്ളതിനാല്‍ നേട്ടം ആഘോഷിക്കാനാവുന്നില്ല. 'എനിക്ക് വധഭീഷണി ലഭിക്കുന്നു. ഫലസ്തീനെ പിന്തുണച്ചതിന് ആളുകള്‍ ആഴ്ച മുഴുവന്‍ എന്നെ ആക്രമിക്കുന്നു. ആരെങ്കിലും എന്റെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുമോ എന്ന ആശങ്കയിലാണ് കുടുംബം ഉറങ്ങുന്നത്. ഫലസ്തീനില്‍ എന്റെ സഹോദരങ്ങളും സഹോദരിമാരും കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 23 കാരനായ താരം യുനൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഇന്‍ഡ്യാനയിലെ നോട്രെ ഡാം സര്‍വകലാശാലയുടെ നീന്തല്‍, ഡൈവിങ് ടീമിന്റെ ഭാഗമാണ്. ആസ്‌ത്രേലിയയുടെ ഐസക് കൂപ്പര്‍, യുഎസിലെ മൈക്കല്‍ ആന്‍ഡ്രൂ എന്നിവരെ തോല്‍പ്പിച്ചാണ് ലോകകപ്പില്‍ തന്റെ ആദ്യ സ്വര്‍ണമെഡല്‍ നേടിയതെങ്കിലും ഇത് ആഘോഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഗസയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരേ സംസാരിച്ചതിനാല്‍ താന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുകയാണെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. നേരത്തേ, ഫലസ്തീനെ പിന്തുണച്ചതിനു പിന്നാലെ മെഡല്‍ നേടിയവരുടെ ചിത്രം നല്‍കിയപ്പോള്‍ ഇന്റര്‍നാഷനല്‍ സ്വിമ്മിങ് ഫെഡറേഷന്‍ സമേഹിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.

Tags:    

Similar News