കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്; അശോക് ലവാസ പങ്കെടുക്കും

ഭിന്നതയെത്തുടര്‍ന്ന് രണ്ടാഴ്ചയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം മുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു.

Update: 2019-05-21 02:40 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ഭിന്നത പരിഹരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗം ഇന്ന് ചേരും. കമ്മീഷന്‍ അംഗം അശോക് ലവാസയുമായുളള അഭിപ്രായ ഭിന്നത പരിഹരിക്കാനാണ് യോഗം. മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍ തന്റെ വിയോജന കുറിപ്പ് ഉള്‍പ്പെടുത്തണമെന്നാണ് ലവാസയുടെ ആവശ്യം.

ഭിന്നതയെത്തുടര്‍ന്ന് രണ്ടാഴ്ചയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം മുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു.

മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടു നിന്നതോടെയാണ് കമ്മീഷന്‍ യോഗങ്ങള്‍ തടസ്സപ്പെട്ടത്. അശോക് ലവാസ പങ്കെടുക്കുന്ന യോഗത്തില്‍ മാതൃക പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ ഇന്ന് പരിഗണിക്കും.

നരേന്ദ്ര മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചീറ്റ് നല്‍കിയ പല കേസുകളിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിറക്കിയ ഉത്തരവുകളില്‍ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇതില്‍ കടുത്ത പ്രതിഷേധമാണ് അശോക് ലവാസക്കുണ്ടായിരുന്നത്. ഉത്തരവുകളില്‍ വിയോജിപ്പ് രേഖപ്പെടുത്താത്തതിനെത്തുടര്‍ന്ന് മെയ് മൂന്നിന് ശേഷമുള്ള കമ്മീഷന്‍ യോഗങ്ങളില്‍ ലവാസ വിട്ടുനിന്നു. ഇതോടെ കമ്മീഷന്റെ പല യോഗങ്ങളും മുടങ്ങി. കമ്മീഷന്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ നിലപാട് മയപ്പെടുത്തിയ അശോക് ലവാസ ഇന്നത്തെ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കും. ലവാസ ഉന്നയിച്ച പ്രശ്‌നങ്ങളും മറ്റ് പെരുമാറ്റച്ചട്ടലംഘന കേസുകളും ഇന്നത്തെ യോഗം പരിഗണിക്കും. രാവിലെ പതിനൊന്ന് മണിക്ക് യോഗം തുടങ്ങുമെന്നാണ് വിവരം.

Tags:    

Similar News