'തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി മോദിയുടെ അടിമ'; രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ
മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഞെട്ടിച്ചെന്നും ബിജെപി നിയന്ത്രണത്തിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായിരിക്കും തീരുമാനമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. പ്രഖ്യാപനം വരും മുമ്പേ അവര്‍ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്.
ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുകയാണ്. രാഷ്ട്രീയ യജമാനന്‍മാര്‍ പറയുന്നത് അനുസരിക്കുക മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പണിയെന്നും ഉദ്ധവ് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയാണ്, മുമ്പൊരിക്കലും സംഭവിക്കാത്ത കാര്യമാണ് ചെയ്തത്. തന്റെ അനുയായികളോട് ക്ഷമയോടെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. താക്കറെയുടെ കുടുംബവീടായ മാതോശ്രീക്ക് പുറത്ത് ശക്തിപ്രകടനമെന്ന നിലയില്‍ തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടുവെന്നും കള്ളനെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നേരത്തെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പക്ഷമാണ് യഥാര്‍ഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ആറ് മാസം മുമ്പ് ഷിന്‍ഡെ പക്ഷം സമര്‍പ്പിച്ച പരാതിയിലാണ് മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐകകണ്‌ഠേന തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ അവകാശത്തെച്ചൊല്ലി സുപ്രിംകോടതിയില്‍ കേസ് നടക്കവേയാണ് കമ്മീഷന്റെ നടപടി.