സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നു; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ വില കൂടും

Update: 2023-05-30 08:59 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിനാല്‍ ജൂണ്‍ ഒന്നുമുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കൂടും. ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ അഥവാ ഫെയിം രണ്ട് സ്‌കീമിന് കീഴിലാണു സബ്‌സിഡി നല്‍കിയിരുന്നത്. എന്നാല്‍ ഘനവ്യവസായ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, ഫെയിം രണ്ട് സ്‌കീമിന് കീഴിലുള്ള സബ്‌സിഡി 15,000 കിലോവാട്ടില്‍ നിന്ന് 10,000 കിലോവാട്ട് ആയി കുറച്ചു. കൂടാതെ, സ്‌കീമിന് കീഴിലുള്ള പരമാവധി സബ്‌സിഡി എക്‌സ്ഫാക്ടറി വിലനിര്‍ണ്ണയത്തിന്റെ 15 ശതമാനമായി പരിമിതപ്പെടുത്തി. ഇതുവരെ ഇത് 40 ശതമാനമായിരുന്നു. ഈ മാസം ആദ്യമ 24 ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള പ്രോല്‍സാഹനം എന്ന നിലയില്‍ നല്‍കുന്ന ഫെയിം രണ്ട് പദ്ധതി ഇലക്ട്രിക് ത്രീവീലറുകള്‍, ഇലക്ട്രിക് ഫോര്‍ വീലറുകള്‍, ഇലക്ട്രിക് ബസുകള്‍ എന്നിവയുടെ വിഭാഗങ്ങളിലെ പൊതു, വാണിജ്യ ഗതാഗതത്തിന് മാത്രമുള്ളതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

    സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ സൊസൈറ്റി(എസ്എംഇവി) ശക്തമായി പ്രതികരിച്ചു. സബ്‌സിഡി പെട്ടെന്ന് കുറയുന്നത് ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടാക്കുമെന്നും ഇത് വ്യവസായത്തെയും സാരമായി ബാധിക്കുമെന്നും എസ്എംഇവി പറഞ്ഞു. 2019 ഏപ്രില്‍ ഒന്നിനു തുടങ്ങിയ പദ്ധതിക്ക് 10,000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. മൂന്ന് വര്‍ഷത്തെ ഫെയിം രണ്ട് സ്‌കീം ആരംഭിക്കുകയും 2021 ജൂണില്‍ രണ്ട് വര്‍ഷത്തേക്ക് വിപുലീകരിക്കുകയും അതുവഴി സബ്‌സിഡി സ്‌കീമിന്റെ പ്രാബല്യത്തിലുള്ള കാലയളവ് 2024 മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്തു. 2024 മാര്‍ച്ചിന് ശേഷം സബ്‌സിഡി നീട്ടാനോ ഫെയിമിന്റെ മൂന്നാം ഘട്ടം ആരംഭിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപോര്‍ട്ടുണ്ട്.

Tags:    

Similar News