മധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്‌മോര്‍ട്ടം തടസപ്പെടുത്തി കൂട്ടത്തിലെ ആന
ജെസിബി ഉപയോഗിച്ച് ഭയപ്പെടുത്തിയാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
ഭോപ്പാല്‍: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ ഒരു കൂട്ടത്തിലെ പത്ത് ആനകള്‍ വിഷബാധയേറ്റു ചെരിഞ്ഞു. ആനകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതും സംസ്‌കരിക്കുന്നതും കൂട്ടത്തിലെ മറ്റു ആനകള്‍ തടഞ്ഞു. ജെസിബി ഉപയോഗിച്ച് ഭയപ്പെടുത്തിയാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
വനാതിര്‍ത്തിയിലെ കോടോ ചോളം അമിതമായി കഴിച്ചതാണ് ആനകള്‍ ചെരിയാന്‍ കാരണമായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പതിമൂന്ന് ആനകളുള്ള ഒരു കൂട്ടത്തിലെ പത്ത് ആനകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെരിഞ്ഞത്. ഒരു കൊമ്പനാനയും പത്ത് വയസ് പ്രായമുള്ള ഒരു പിടിയാനയും രണ്ടു വര്‍ഷം പ്രായമുള്ള മറ്റൊരു ആനയുമാണ് കൂട്ടത്തില്‍ ഇനി ബാക്കിയുള്ളത്.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഒരു ആന സമ്മതിച്ചില്ലെന്ന് ക്യാംപിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറയുന്നു. ''എല്ലാവരും ഹൃദയ വേദനയിലാണ്. ആന വന്നതോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തടസപ്പെട്ടു. വലിയശബ്ദത്തില്‍ ചിന്നം വിളിച്ചാണ് ആനയെത്തിയത്. സ്വന്തം കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്ന പോലെയാണ് അവനെത്തിയത്. അവസാനം ഞങ്ങള്‍ക്ക് ജെസിബി ഉപയോഗിക്കേണ്ടി വന്നു.''-ഡോക്ടര്‍ പറഞ്ഞു.
കുടുംബാംഗങ്ങളുടെ മരണത്തിന് ശേഷം മൂന്നു പേരും കുഴിമാടങ്ങളില്‍ സ്ഥിരമായി എത്തുന്നുണ്ട്. ഒരു ആന ഭക്ഷ്യവസ്തുക്കള്‍ കുഴികളുടെ മുകളില്‍ വച്ചാണ് മടങ്ങുന്നത്. 2018ലാണ് ആനകള്‍ ബാന്ധവ്ഗഡിലെത്തിയതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന പുഷ്‌പേന്ദ്ര നാഥ് ദ്വിവേദി പറയുന്നു. '' 2018ലാണ് ആനകള്‍ ഈ കാട്ടിലേക്ക് വന്നത്. കുട്ടികളും അമ്മമാരും എല്ലാവരും കൂട്ടത്തിലുണ്ടായിരുന്നു. സ്വന്തം വീടു പോലെയാണ് അവര്‍ ഇവിടെ ജീവിച്ചത്. വളരെ ശക്തമായ ഒരു കുടുംബമായിരുന്നു. അതാണ് ഇത്രയും ദുഖം. നേരത്തെ കുഴിച്ചിട്ട ആനകളുടെ കുഴികളിലേക്കും ബാക്കിയുള്ളവര്‍ വരുന്നുണ്ട്. ചില സമയങ്ങളില്‍ കുഴിമാടങ്ങളില്‍ ഭക്ഷണവും കൊണ്ടു വയ്ക്കുന്നു. കൂടാതെ വിവിധ ഗ്രാമങ്ങളിലെ കോടോ ചോളക്കൃഷിയും നശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.''-പുഷ്‌പേന്ദ്ര നാഥ് ദ്വിവേദി വിശദീകരിച്ചു.
ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നൂറ്റാണ്ടുകളായി ജീവിക്കുന്ന ആനകളുടെ പിന്‍ഗാമികളാണ് ഇവരെന്നാണ് കേന്ദ്രം വനംപരിസ്ഥിതി മന്ത്രാലയം പറയുന്നത്. ബാന്ധവ്ഗഡില്‍ നിലവില്‍ 50 ആനകള്‍ ഉണ്ടെന്നാണ് കണക്ക്. മൂന്നു കൂട്ടമായി തിരിഞ്ഞാണ് ഇവര്‍ ജീവിക്കുന്നത്.
ആനകള്‍ കോടോ ചോളം തിന്നാറുണ്ടെന്ന് അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. പി കെ ചന്ദന്‍ പറയുന്നു. ഇത് അവര്‍ക്കിഷ്ടമുള്ള ഭക്ഷണമല്ല. അമിതമായ അളവില്‍ കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. നേരത്തെ ഛത്തീസ്ഗഡില്‍ നാലു ആനകളെ അബോധാവസ്ഥയില്‍ കണ്ടിരുന്നു. കോടോ ചോളം തിന്നതാണ് കാരണമെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ചികില്‍സ നല്‍കി വിട്ടയച്ചു. അമിതമായി ചോളം അകത്തെത്തുന്നത് കുടലില്‍ മുറിവുണ്ടാക്കാം. ഇത് മരണകാരണവുമാവാം.'' -ഡോ. പി കെ ചന്ദന്‍ വിശദീകരിച്ചു. കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് ചോളം കൃഷി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.