ട്രംപിന്റെ വിജയത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ 'മകള്‍' ; മകന്‍ ട്രാന്‍സ് ജെന്‍ഡറായതിനെ തുടര്‍ന്ന് മസ്‌ക് ബന്ധം ഉപേക്ഷിച്ചിരുന്നു

ട്രാന്‍സ് ജെന്‍ഡറായി സ്വയം പ്രഖ്യാപിക്കുന്നതിന് മുമ്പ് സേവ്യര്‍ എന്നായിരുന്നു വിവിയന്‍ ജെന്ന വില്‍സന്റെ പേര്. 2022ലാണ് സേവ്യര്‍ താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പ്രഖ്യാപിച്ചത്. ഇതോടെ മകനുമായുള്ള ബന്ധം മസ്‌ക് വേര്‍പ്പെടുത്തി.

Update: 2024-11-09 05:50 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ട് നേതാവ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന്റെ മകള്‍. അമേരിക്കയില്‍ തനിക്ക് ഇനിയൊരു ഭാവിയില്ലെന്ന് മസ്‌കിന്റെ മകളും ട്രാന്‍സ് ജെന്‍ഡറുമായ വിവിയന്‍ ജെന്ന വില്‍സന്‍ പറഞ്ഞു. ട്രംപിന്റെ വിജയത്തിനായി ഏറ്റവുമധികം പണം സംഭാവന നല്‍കിയ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.

''കഴിഞ്ഞ തവണ ട്രംപ് അധികാരത്തില്‍ ഇരുന്നത് നാലുവര്‍ഷമാണ്. ട്രാന്‍സ് വിരുദ്ധ നടപടികളാണ് അയാള്‍ സ്വീകരിച്ചത്. ആളുകള്‍ അയാളെ പിന്തുണച്ചു എന്നത് ഞെട്ടിക്കുന്നു. ഇനിയും പലതും സംഭവിക്കും.'' വിവിയന്‍ ആരോപിച്ചു.

ട്രാന്‍സ് ജെന്‍ഡറായി സ്വയം പ്രഖ്യാപിക്കുന്നതിന് മുമ്പ് സേവ്യര്‍ എന്നായിരുന്നു വിവിയന്‍ ജെന്ന വില്‍സന്റെ പേര്. 2022ലാണ് സേവ്യര്‍ താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പ്രഖ്യാപിച്ചത്. ഇതോടെ മകനുമായുള്ള ബന്ധം മസ്‌ക് വേര്‍പ്പെടുത്തി. മകന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പ്രഖ്യാപിച്ചത് മസ്‌കിന് ഇഷ്ടമായില്ല. മകന്റെ അതേ മനോഭാവം കുട്ടികളില്‍ പടര്‍ന്നുപന്തലിക്കുന്നതില്‍ ട്വിറ്ററിന് വലിയ സ്വാധീനമുണ്ടെന്ന് കരുതിയാണ് അദ്ദേഹം കോടിക്കണക്കിന് രൂപക്ക് അത് വിലയ്‌ക്കെടുത്തതെന്ന് ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍സ് പറയുന്നു. വോക്ക് വൈറസ് മൂലമാണ് തനിക്ക് മകനെ നഷ്ടപ്പെട്ടതെന്നും മസ്‌ക് പിന്നീട് ആരോപിച്ചു.

ഇത്തരം ലിംഗ സ്വത്വ പ്രതിസന്ധിയുള്ള കുട്ടികള്‍ക്ക് ചികില്‍സ നല്‍കുകയാണ് വേണ്ടതെന്നാണ് ട്രംപിന്റെ റാലിയില്‍ മസ്‌ക് പ്രസംഗിച്ചത്. കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ സ്‌കൂളുകള്‍ കൂട്ടുനില്‍ക്കുകയാണെന്നും മസ്‌ക് ആരോപിച്ചു.

''കുട്ടികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനെ കമലാ ഹാരിസ് പിന്തുണക്കുകയാണ്. കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്നു. സ്‌കൂള്‍ കഴിഞ്ഞ് വരുന്ന മകനോ മകളോ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് വരുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്തു തോന്നും. ഈ രാജ്യത്തിന് എന്തോ കുഴപ്പമുണ്ട്.' മസ്‌ക് പറഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ മാനസികാവസ്ഥക്ക് മതിയായ ചികില്‍സ നല്‍കുമെന്ന് മോംസ് ഫോര്‍ ലിബര്‍ട്ടി സംഘടനയുടെ യോഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

Tags:    

Similar News