ഈരാറ്റുപേട്ടയില്‍ മത സ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പുതിയ പോലിസ് റിപോര്‍ട്ട്, വിവാദ റിപോര്‍ട്ട് പിന്‍വലിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ മതസ്പര്‍ധയും തീവ്രവാദ പ്രവര്‍ത്തനവും ക്രമസമാധാന പ്രശ്‌നങ്ങളും കൂടുതലാണെന്ന വിവാദ റിപോര്‍ട്ട് തിരുത്തി പോലിസ്. കോട്ടയം ജില്ലാ പോലിസ് മേധാവിയാണ് മാര്‍ച്ച് 30ന് ഡിജിപിക്ക് പുതിയ റിപോര്‍ട്ട് നല്‍കിയത്. ജനകീയ വികസന ഫോറം പ്രസിഡന്റ് പി എ മുഹമ്മദ് ഷെരീഫിന് ഏപ്രില്‍ 23ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് പോലിസ് ഇക്കാര്യം വെളിപ്പെട്ടത്.
ഈരാറ്റുപേട്ട മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 2022 ഡിസംബര്‍ 22ന് മുന്‍ ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമധാന പ്രശ്‌നം എന്നീ കേസുകള്‍ ഈരാറ്റുപേട്ടയില്‍ കൂടുതലാണെന്നാണ് റിപോര്‍ട്ടിലുണ്ടായിരുന്നത്. ദുരുദ്ദേശപരമായ ഈ റിപോര്‍ട്ട് ഹിന്ദുത്വര്‍ സംസ്ഥാനമെമ്പാടും വ്യാപകമായി പ്രചരിപ്പിച്ചു. സ്വാഭാവികമായും പ്രദേശവാസികള്‍ റിപോര്‍ട്ടിനെതിരെ രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത ഈ റിപോര്‍ട്ട് പിന്‍വലിക്കണമെന്ന് നഗരസഭയില്‍ 2023 ഒക്ടോബര്‍ 13ന് കൂടിയ സര്‍വ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി എ ഷാഹുല്‍ ഹമീദ് പുതിയ റിപോര്‍ട്ട് തയ്യാറാക്കിയത്.
ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 2017 മുതല്‍ 2023 ആഗസറ്റ് വരെ മതസ്പര്‍ധ വളര്‍ത്തിയതിനോ തീവ്രവാദ പ്രവര്‍ത്തനത്തിനോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ പോലിസ് വ്യക്തമാക്കിയിരുന്നു. പി എ മുഹമ്മദ് ഷരീഫ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലായിരുന്നു പോലിസിന്റെ മറുപടി. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേവലം 69 കേസുകള്‍ മാത്രമാണ് ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തതെന്നും പോലിസ് വ്യക്തമാക്കി. ഈരാറ്റുപേട്ട നഗരസഭ, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മതസ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്നും പോലിസ് വിശദീകരിച്ചു.