പോരാട്ടം ശക്തം ; തൃക്കാക്കര പിടിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
മണ്ഡലം പിടിച്ച് യുഡിഎഫിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നേരിട്ടാണ് യുഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്.ഇരുവരും നേതൃ സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇവര്‍ക്കും നിര്‍ണ്ണായകമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം എല്‍ഡിഎഫിനും യുഡിഫിനും ഒരു പോലെ അഭിമാന പ്രശ്‌നമായതോടെ മണ്ഡലം പിടിക്കാന്‍ ഇരു മുന്നണികളും പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.ബിജെപിയും മല്‍സര രംഗത്തുണ്ട്.മണ്ഡലം പിടിച്ച് യുഡിഎഫിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മണ്ഡലത്തില്‍ സജീവമാണ്.താഴേത്തട്ടില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയാല്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലം നിലനിര്‍ത്തി സര്‍ക്കാരിന് മറുപടി നല്‍കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നേരിട്ടാണ് യുഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്.ഇരുവരും നേതൃ സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇവര്‍ക്കും നിര്‍ണ്ണായകമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിന്റെ കൂടുമാറ്റവും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചര്‍ച്ചയാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ട്വന്റി 20 ഇക്കുറി മല്‍സരിക്കുന്നില്ല.ആംആദ്മി പാര്‍ട്ടിയും ട്വന്റി20യും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നായിരുന്നു തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഇവര്‍ മല്‍സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
14,000 ത്തോളം വോട്ടുകള്‍ കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാര്‍ഥി നേടിയിരുന്നു.ഈ വോട്ടുകള്‍ ഉപതിരഞ്ഞെടുപ്പില്‍ ആരു പിടിക്കുമെന്നതും മണ്ഡലത്തിലെ വിജയ പരാജയത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.എല്‍ഡിഫും യുഡിഎഫും ബിജെപിയും ഈ വോട്ടുകളില്‍ കണ്ണ് നട്ടുള്ള പ്രവര്‍ത്തനവുമായിട്ടാണ് മുന്നോട്ടു പോകുന്നത്.ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെങ്കിലും ആംആദ്മി-ട്വന്റി20 പാര്‍ട്ടികളുടെ തുടര്‍ന്നുള്ള സഹകരണത്തിന്റെ മുന്നോടിയായി ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ കേജരിവാളിനെ രംഗത്തിറക്കി കഴിഞ്ഞ ദിവസം ഇരുപാര്‍ട്ടികളും സംയുക്തമായി സമ്മേളനം നടത്തിയിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പി ടി തോമസ് അന്തരിച്ചതോടെയാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.എന്നാല്‍ മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഹൃദ്രോഗ വിദഗ്ദനായ ഡോ. ജോ ജോസഫിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നാണ് യുഡിഎഫ് പറയുന്നതെങ്കിലും പി ടി തോമസിനോടുള്ള സഹതാപം ഭാര്യയായ ഉമാ തോമസിന് ഗുണകരമാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്.
അതേ സമയം കൊച്ചി ഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദ്ഗദനായ ഡോ.ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലം പിടിക്കാന്‍ സഹായമാകുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകള്‍ കൂടി ലക്ഷ്യം വെച്ചാണ് ഡോ.ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നതെന്ന പ്രചാരണം ശക്തമാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന വിധത്തിലുള്ള പ്രചാരണവും ഒരു ഘട്ടത്തില്‍ ശക്തമായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് സഭ തന്നെ രംഗത്തു വന്നതോടെയാണ് അത്തരത്തിലുള്ള പ്രചരണത്തിന് ശമനം വന്നത്.ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകള്‍ പരമാവധി തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനാണ് ഇരു മുന്നണികളും ഒപ്പം ബിജെപിയും ശ്രമിക്കുന്നത്.
കെ റെയില്‍ തന്നെയാണ് എല്‍ഡിഎഫിനെതിരെയുള്ള യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം. ഇതിനെ പരമാവധി പ്രതിരോധിച്ചുകൊണ്ട് വികസനം എന്ന അജണ്ട മുന്‍നിര്‍ത്തിയുള്ള പ്രചാരണ തന്ത്രമാണ് എല്‍ഡിഎഫ് ഒരുക്കിയിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിനെ ഒപ്പം നിര്‍ത്താന്‍ സാധിച്ചതും അനുകൂലമാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കു കൂട്ടല്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കെ വി തോമസ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ കെ വി തോമസിന്റെ കൂടുമാറ്റം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.
ഒരു വശത്ത് മുന്നണി നേതാക്കള്‍ നേര്‍ക്കു നേര്‍ വാദപ്രതിവാദങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ട് തേടുന്നതിനാണ് മൂന്നു മുന്നണിയുടെയും സ്ഥാനാര്‍ഥികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വരും ദിവസങ്ങളില്‍ മൂന്നു മുന്നണികളുടെയും ദേശീയ നേതാക്കള്‍ അടക്കം മണ്ഡലത്തില്‍ എത്തുമെന്നാണ് വിവരം.ഇതോടെ പ്രചാരണം കൂടുതല്‍ കൊഴുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.