തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്; വിധി നിര്‍ണ്ണയിക്കാന്‍ 1,96,805 വോട്ടര്‍മാര്‍
95274 പേര്‍ പുരുഷന്മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. 3633 പേര്‍ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. 239 ബൂത്തുകള്‍ ആണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്
കൊച്ചി:ഒരു മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും.1,96,805 വോട്ടര്‍മാര്‍ ആണ് മണ്ഡലത്തില്‍ ഇത്തവണയുള്ളത്.ഇതില്‍ 95274 പേര്‍ പുരുഷന്മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. 3633 പേര്‍ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.
ബൂത്തുകള്‍
239 ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കിയാണ് ബൂത്തുകള്‍ ഒരുക്കുന്നത്.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. അഞ്ച് മാതൃകാ പോളിങ്ങ് സ്‌റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. പൂര്‍ണമായും ഹരിത മാതൃക അവലംബിച്ച് തയാറാക്കുന്ന മാതൃകാ ബൂത്തുകളില്‍ ഇരിപ്പിടം, അടിസ്ഥാനസൗകര്യം, കൈവരി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടല്‍ മുറി തുടങ്ങിയവ സജ്ജീകരിക്കും. ഇടപ്പള്ളി ദേവന്‍കുളങ്ങര ക്യാമ്പയിന്‍ സ്‌കൂളിലെ 11ാം ബൂത്ത്, ടോക് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 79, 81 ബൂത്തുകള്‍, പാറേപ്പറമ്പ് ഷറഫുല്‍ ഇസ്ലാം യു.പി സ്‌കൂളിലെ 87ാം ബൂത്ത്, തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളിലെ 120ാം നമ്പര്‍ ബൂത്ത് എന്നീ സ്ഥലങ്ങളിലാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന വനിത പോളിങ് സ്‌റ്റേഷന്‍ 119ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളില്‍ സജ്ജമാക്കും. ഇവിടെ പോളിംഗ് ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിന് ഡ്യൂട്ടിയിലുള്ള പൊലീസും വനിതകളായിരിക്കും. നിലവിലുള്ള കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് നടത്തുക. തൃക്കാക്കര നിയമസഭ നിയോജക മണ്ഡലത്തില്‍ പ്രശ്‌നബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോ ഇല്ല.
തിരിച്ചറിയല്‍ രേഖ
എല്ലാ വോട്ടര്‍മാരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള ഇലക്ടറല്‍ ഐഡന്റിറ്റി കാര്‍ഡ് വോട്ട് ചെയ്യുന്നതിനായി കൊണ്ടുവരണം. കൂടാതെ ആധാര്‍കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖല സ്ഥാപനങ്ങളും നല്‍യിട്ടുള്ള ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, എംപിമാരും എംഎല്‍എ മാരും നല്‍കിയിട്ടുള്ള ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും. വോട്ടര്‍ സ്ലിപ്പ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് വോട്ടു ചെയ്യാ. എല്ലാ ബൂത്തുകളിലും വോളന്റിയര്‍മാരുടെ സേവനവും വീല്‍ ചെയറും ഉണ്ടായിരിക്കും.
പോളിംഗ് ഉേദ്യാഗസ്ഥര്‍
239 പ്രിസൈഡിംഗ് ഓഫീസര്‍മാരും 717 പോളിംഗ് ഓഫീസര്‍മാരും അടക്കം 956 ഉദേ്യാഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 188 ഉേദ്യാഗസ്ഥരെ കരുതലായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ പരിശീലനം പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം മഹാരാജാസ് കോളജില്‍ ആരംഭിച്ചു.വരണാധികാരിയുടെ നേതൃത്വത്തില്‍ പോളിംഗ് ഉദേ്യാഗസ്ഥര്‍ക്ക് വിവിധ സാധനസാമഗ്രികള്‍ വിതരണം ചെയ്യും. പോളിംഗിനായി 327 ബാലറ്റ് യൂനിറ്റുകളും 320 കണ്‍ട്രോള്‍ യൂനിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ അഭ്യര്‍ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ് റൂമും ഒരുക്കിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ഗിരീഷ് ശര്‍മ്മയുടെയും ചെലവ് നിരീക്ഷകന്‍ ആര്‍ ആര്‍ എന്‍ ശുക്ലയുടയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.