25 പേരെ കൊന്നതായി സമ്മതിച്ച് മ്യാന്‍മര്‍ സൈനികര്‍

Update: 2021-08-17 09:19 GMT

നായ്പിട്വോ: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്നും തടവിലാക്കിയ 25 പേരെ കൊലപ്പെടുത്തിയതായി കാരെന്‍ നാഷണല്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്റെ (കെഎന്‍ഡിഒ) രണ്ട് സീനിയര്‍ കമാന്‍ഡര്‍മാര്‍ സമ്മതിച്ചതായി ഫോര്‍ട്ടിഫൈ റൈറ്റസ് മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. കെഎന്‍ഡിഒ നിയന്ത്രണത്തിലുള്ള സുരക്ഷാ സേന ജൂണില്‍ മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയവരെയാണ് കൊലപ്പെടുത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ജനറല്‍ നെര്‍ ദാഹ് ബോ മ്യയും ലെഫ്റ്റനന്റ് സോ ബാ വയേയും സസ്‌പെന്റ് ചെയ്തു. തടവിലാക്കപ്പെട്ടവരെ കൊല്ലണമെന്നും ഇല്ലെങ്കില്‍ യുദ്ധ സമയത്ത് രക്ഷപ്പെടാനും പിന്നീട് തിരിച്ചുവരാനും സാധ്യതയുണ്ടെന്നും ജനറല്‍ നെര്‍ ദാഹ് ബോ മ്യ പറഞ്ഞു. ഇത് സൈന്യത്തിന് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തടവുകാരെ കൊലപ്പെടുത്തിയത്.

അന്താരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും കൊലപാതകത്തിന്റെയും മറ്റ് കുറ്റകൃത്യങ്ങളുടെയും തെളിവുകള്‍ പങ്കുവെക്കുമെന്നും അതിക്രമങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം നടത്തുമെന്നും കെഎന്‍യു സ്ഥിരീകരിച്ചതായി ഫോര്‍ട്ടിഫൈ പറഞ്ഞു. തടവുകാരുടെ കൊലപാതകം യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും അവര്‍ വ്യക്തമാക്കി.

'ഇതൊരു കൂട്ടക്കൊലയാണ്, അതിനെക്കുറിച്ച് അന്വേഷിക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണം,' ഫോര്‍ട്ടിഫൈ റൈറ്റ്‌സ് സിഇഒ മാത്യു സ്മിത്ത് പ്രസ്താവനയില്‍ പറഞ്ഞു. 'സുതാര്യതയിലും സഹകരണത്തിലും ക്രൂരതയുടെ തെളിവുകള്‍ അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങളുമായി പങ്കുവയ്ക്കാനുള്ള പ്രതിബദ്ധതയിലും കെഎന്‍യു ഒരു സുപ്രധാന മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഒന്നിലെ അട്ടിമറിക്ക് ശേഷം മ്യാന്‍മര്‍ സൈന്യം തുടരുന്ന കൂട്ടക്കൊലയ്‌ക്കെതിരേ വിവിധ രാജ്യങ്ങളിലെ പ്രതിരോധ മേധാവികള്‍ രംഗത്ത് വന്നിരുന്നു.

Tags:    

Similar News