ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍

കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ നല്‍കിയ യന്ത്രങ്ങളാണ് സെക്ടര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Update: 2019-05-08 01:37 GMT

മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂരില്‍ ഹോട്ടല്‍ മുറിയില്‍ യാതൊരു സുരക്ഷയുമില്ലാത്ത രീതിയില്‍ വച്ചിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ നല്‍കിയ യന്ത്രങ്ങളാണ് സെക്ടര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്നലെ നടന്ന അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിനായി നല്‍കിയ യന്ത്രങ്ങളാണ് പോളിങ് ബൂത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്ന് പിടിച്ചത്.

ഒരു കണ്‍ട്രോള്‍ യൂനിറ്റും 2 ബാലറ്റ് യൂനിറ്റും 2 വിവിപാറ്റ് യന്ത്രങ്ങളുമാണ് സെക്ടര്‍ ഉദ്യോഗസ്ഥനായ അവ്‌ധേഷ് കുമാറിന്റെ പക്കലുണ്ടായിരുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ ഒരു സുരക്ഷയുമില്ലാതെ ഹോട്ടലില്‍ കണ്ടതോടെ പ്രതിഷേധവുമായി നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും എത്തി. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യന്ത്രങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.

കടുത്ത അച്ചടക്ക ലംഘനം നടത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ബിഹാറിലെ മുസാഫിര്‍പൂര്‍, മധുബനി അടക്കം അഞ്ചിടത്താണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ അഞ്ചില്‍ നാലിടത്തും ജയിച്ചത് ബിജെപി സഖ്യമായിരുന്നു. വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന് ഈ സംഭവത്തോടെ പ്രതിപക്ഷം മൂര്‍ച്ച കൂട്ടി. അതിനിടെ ലഖ്‌നോവില്‍ പോളിങ് അവസാനിക്കുന്നതിന് മുമ്പേ വിവിപാറ്റ് യന്ത്രങ്ങള്‍ ഒരു സുരക്ഷയുമില്ലാതെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 

Tags:    

Similar News