വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 13 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

Update: 2024-03-19 12:39 GMT

മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ഉറ്റ സഹായിയെന്ന് ആരോപിച്ച് രാംനാരായണ ഗുപ്ത എന്ന ലഖാന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധനായ മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പോലിസുകാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. 2006ല്‍ മുംബൈയിലുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കേസിലാണ് മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മയെ ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശര്‍മയെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതിയുടെ 2013ലെ വിധി റദ്ദാക്കിയ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും ഗൗരി ഗോഡ്‌സെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അതിനെ 'വികൃതവും' 'സ്ഥിരതയില്ലാത്തതും' എന്ന് വിമര്‍ശിക്കുകയും ചെയ്തു. ശര്‍മയ്‌ക്കെതിരായ നിരവധി തെളിവുകള്‍ വിചാരണ കോടതി അവഗണിച്ചെന്നും തെളിവുകളുടെ ശൃംഖല കേസില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം തെളിയിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം ബന്ധപ്പെട്ട സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ ശര്‍മയോട് ബെഞ്ച് നിര്‍ദേശിച്ചു.

    സംഭവത്തില്‍ 13 പോലിസുകാരുള്‍പ്പെടെ 22 പേര്‍ക്കെതിരേയാണ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നത്. 21 പ്രതികളില്‍ രണ്ടുപേര്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. 2013ല്‍ സെഷന്‍സ് കോടതി തെളിവില്ലെന്നു പറഞ്ഞ് പ്രദീപ് ശര്‍മയെ വെറുതെ വിടുകയും 21 പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, ബോംബെ ഹൈക്കോടതി 13 പേര്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവച്ചു. മറ്റ് ആറ് പ്രതികളുടെ ശിക്ഷ റദ്ദാക്കിയ കോടതി അവരെ വെറുതെ വിടുകയും ചെയ്തു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍, പ്രോസിക്യൂഷനും മരിച്ചയാളുടെ സഹോദരന്‍ രാംപ്രസാദ് ഗുപ്തയും ശര്‍മയെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി.

    കേസില്‍ ക്രമസമാധാനപാലനത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് ചവാന്‍ വാദിച്ചിരുന്നു. തട്ടിക്കൊണ്ടുപോവലിന്റെയും കൊലപാതകത്തിന്റെയും മുഴുവന്‍ ഓപറേഷന്റെയും മുഖ്യ സൂത്രധാരനും തലവനും പ്രദീപ് ശര്‍മയാണെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 2006 നവംബര്‍ 11നാണ് ഛോട്ടാ രാജന്‍ സംഘത്തിലെ അംഗമാണെന്ന് ആരോപിച്ച് ലഖാന്‍ ഭയ്യ എന്ന രാംനാരായണ്‍ ഗുപ്തയെ പോലിസ് സംഘം തട്ടിക്കൊണ്ടുപോയി, സുഹൃത്ത് അനില്‍ ഭേദയ്‌ക്കൊപ്പം നാനയ്ക്ക് സമീപം ഒരു 'വ്യാജ' ഏറ്റുമുട്ടലില്‍ ഗുപ്തയെ കൊലപ്പെടുത്തിയത്.

Tags:    

Similar News