സുഹൃത്തിന്റെ ഉപദേശം മൂലം രണ്ടര വര്‍ഷം സൗദിയില്‍ ജയിലിലായ പ്രവാസി നാട്ടിലെത്തി

Update: 2023-12-11 15:23 GMT

തിരുവനന്തപുരം: സൗദി അറേബ്യയില്‍ രണ്ടര വര്‍ഷത്തെ കാരാഗൃഹവാസത്തിനു ശേഷം തിരുവനന്തപുരം വിതുര സ്വദേശി റഷീദിന് ഇനി സ്വന്തം നാട്ടില്‍ രണ്ടാം ജീവിതം. വ്യാജ സാമൂഹികപ്രവര്‍ത്തകന്‍ ചമഞ്ഞെത്തിയ സുഹൃത്തിന്റെ വാക്ക് കേട്ടതിനാലാണ് റഷീദ് ജയിലില്‍ അകപ്പെടാന്‍ ഇടയായത്. നാല് വര്‍ഷം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റഷീദ് ജിദ്ദയിലെത്തുന്നത്. എന്നാല്‍ സ്വദേശിയായ സ്‌പോണ്‍സര്‍ റഷീദിനെ തന്റെ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു. സ്വദേശിവല്‍ക്കരണം ശക്തമായ രാജ്യത്ത് പരിശോധന ശക്തമാക്കിയപ്പോഴാണ് റഷീദിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാവുന്നത്. സ്വദേശി തൊഴിലെടുക്കെണ്ട തസ്തികയില്‍ വിദേശിയെ കണ്ട പോലിസ് അടുത്ത തവണ പരിശോധനയ്‌ക്കെത്തുമ്പോള്‍ തൊഴില്‍ സ്ഥലത്ത് കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നല്‍കി. ഇതുകേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിന്റെ അടുത്ത് അഭയം തേടി. പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ അടുത്തായതിനാല്‍ ഉടന്‍ നാട്ടിലെത്താന്‍ സാമഹിക പ്രവര്‍ത്തകന്‍ ചമഞ്ഞ് അടുത്തെത്തിയ ഷാന്‍ എന്നയാളുടെ വാക്ക് കേട്ടതാണ് റഷീദിന് വിനയായത്. ഇതിനിടയില്‍ റഷീദ് ഒളിച്ചോടിയെന്ന പരാതിയും സ്‌പോണ്‍സര്‍ കൊടുത്തിരുന്നു.

    ജിദ്ദയിലെ നാടുകടത്തല്‍ കേന്ദ്രത്തെ സമീപിച്ചാല്‍ ജയിലിടച്ച് മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നാണ് ഷാന്‍ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി നാലായിരം റിയാല്‍ റഷീദില്‍ നിന്നു വാങ്ങിച്ചെടുത്ത ഷാനെ പിന്നീട് കണ്ടിട്ടില്ല. മൂന്നുദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ് 28 മാസമാണ് ജയിലില്‍ കിടന്നത്. ഇതിനിടയില്‍ ജിദ്ദയില്‍ നിന്നു റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റിയിരുന്നു. ജയില്‍ മോചനത്തിനായി വിവിധ കേന്ദ്രങ്ങളെ റഷീദിന്റെ മാതാപിതാക്കള്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് വിഷയം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ് റഷീദിന് മോചനം സാധ്യമായത്. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടല്‍ മൂലം പരിഹരിച്ചാണ് റഷീദിനെ സൗദി കോടതി ജയില്‍ മോചിതനാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദില്‍ നിന്നു മുംബൈ വഴി ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ റഷീനെ സഹോദരന്‍ റമീസും മറ്റ് ബന്ധുക്കളും സ്വീകരിച്ചു. സഹോദരന്റെ മോചനത്തിനായി പരിശ്രമിച്ച എംഎ യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു.

Tags:    

Similar News