''ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഇസ്രായേലികളെ ഗ്രീന്‍ലാന്‍ഡിലേക്ക് മാറ്റൂ'': ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി

തെഹ്‌റാന്‍: ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഈജിപ്തിലേക്ക് ജോര്‍ദാനിലേക്കോ മാറ്റണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ ഇറാന്‍. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ആശയം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. യുഎസ് മാധ്യമമായ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്.
''മേഖലയില്‍ നിന്ന് ഫലസ്തീനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഫലസ്തീനികളെ പുറത്താക്കാന്‍ കഴിയില്ല. ഫലസ്തീനികളെ പുറത്താക്കുന്നതിനുപകരം ഇസ്രായേലികളെ പുറത്താക്കാന്‍ ശ്രമിക്കുക. അവരെ ഗ്രീന്‍ലാന്‍ഡിലേക്ക് കൊണ്ടുപോകുക, അങ്ങനെ യുഎസിന് ഒരു കല്ലുകൊണ്ട് രണ്ട് പക്ഷികളെ കൊല്ലാന്‍ കഴിയും.''- അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.
ഗസയിലെ ഹമാസും ലബ്‌നാനിലെ ഹിസ്ബുല്ലയും അടക്കമുള്ള കക്ഷികള്‍ കടുത്ത ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും അരാഗ്ചി പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാമെന്നുള്ള ചിന്ത ഭ്രാന്തന്‍ ചിന്തയാണ്. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉടനടി തിരിച്ചടി നേരിടേണ്ടി വരുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ അത് പശ്ചിമേഷ്യയില്‍ ആരും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.