എക്‌സ്‌പ്ലോറിങ് ഇന്ത്യ: വിദ്യാര്‍ഥികളുടെ ഡല്‍ഹി യാത്ര വിമാനത്തില്‍
വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, പികെ സ്റ്റീല്‍സ്, മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എന്നിവരാണ് 10 എക്‌സ്‌കോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ 130 പേരുടെ യാത്ര വിമാന മാര്‍ഗമാക്കുന്നതിന് സഹായം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള വിദ്യാര്‍ഥികളുടെ ഏഴു ദിവസത്തെ ഡല്‍ഹി യാത്ര വിമാനത്തില്‍. യാത്ര നവംബര്‍ 11നു തുടങ്ങും. യാത്ര ട്രെയിന്‍ മാര്‍ഗമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും പരിപാടിക്ക് ആവശ്യമായ സമയം തികയാത്ത സാഹചര്യം നിലനില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ ഇടപെടലിലാണ് യാത്ര വിമാനത്തിലേക്ക് മാറ്റിയത്. സംസ്ഥാന സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്തവിധം മന്ത്രി തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ടിക്കറ്റ് ഓഡേപക് വഴി നല്‍കിയാണ് പരിപാടിയില്‍ മാറ്റം വരുത്തിയത്. എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രീ-ക്യാംപ് സംഘടിപ്പിച്ച മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, പികെ സ്റ്റീല്‍സ്, മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എന്നിവരാണ് 10 എക്‌സ്‌കോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ 130 പേരുടെ യാത്ര വിമാന മാര്‍ഗമാക്കുന്നതിന് സഹായം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. പ്രളയ ബാധിത കേരളത്തില്‍ സര്‍ക്കാരിന് അമിത സാമ്പത്തിക ബാധ്യത വരാതിരിക്കാനാണ് സ്‌പോണ്‍ഷര്‍ഷിപ്പ് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയവരെ യോഗത്തില്‍ മന്ത്രി ആദരിച്ചു.
രാഷ്ട്രപതി സന്ദര്‍ശനം, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് മന്ദിരം, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ, ഡല്‍ഹി യൂനിവേഴ്‌സിറ്റി, എയിംസ്, നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി, എന്‍സിഇആര്‍ടി, രാജ്ഘട്ട്, റെഡ്‌ഫോര്‍ട്ട്, ഡല്‍ഹി ജുമാ മസ്ജിദ്, ഇസ്‌കണ്‍ ടെംപിള്‍, അക്ഷര്‍ധാം ടെംപിള്‍, പാലികാ ബസാര്‍ മാര്‍ക്കറ്റ്, ലോ ടസ്റ്റ് ടെംപിള്‍, ഐഐടി, കുത്തബ് മിനാര്‍, ഇന്ത്യാ ഗേറ്റ്, സുപ്രിംകോടതി തുടങ്ങി കേന്ദ്ര സര്‍വകലാശാലകളും സ്റ്റേറ്റ് യൂനിവേഴ്‌സിറ്റികളും സന്ദര്‍ശിച്ച് മേധാവികളുമായി സംവദിച്ച് രാഷ്ട്രപതിയെയും ഡല്‍ഹി മുഖ്യമന്ത്രിയെയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയെയും കാണുന്ന വിധത്തിലാണ് വിദ്യാഭ്യാസ തീര്‍ഥാടന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
കേരളത്തിലെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 10000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് വകുപ്പ് നടത്തിയ പരിപാടിയില്‍ നിന്നു തിരഞ്ഞെടുത്ത 1200 വിദ്യാര്‍ഥികള്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ രണ്ടു ദിവസത്തെ ക്യാംപുകള്‍ വഴിയാണ് എക്‌സ്‌പ്ലോറിങ് ഇന്ത്യ യാത്രയ്ക്കുള്ള 120 പ്രതിഭകളായ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ വിമാന യാത്ര സൗകര്യപ്പെടുത്തിയ മന്ത്രിക്ക് വിദ്യാര്‍ഥികള്‍ സ്‌നേഹോപഹാരം നല്‍കി. യാത്രയ്ക്കു തയ്യാറെടുക്കുന്ന 120 വിദ്യാര്‍ഥികളെയും മന്ത്രി നേരിട്ട് അഭിനന്ദിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ സമര്‍ഥരായ വിദ്യാര്‍ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുളളത്. ന്യൂനപക്ഷക്ഷേമ വകുപ്പ് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്കു തുടക്കമിടുന്നത്. മുസ് ലിം, ക്രിസ്ത്യന്‍, ജൈന മതവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലകളിലും വിവിധ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റികളിലും ന്യൂനപക്ഷ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിട്ടത്.