സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്, തല മുണ്ഡനം ചെയ്തു
വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും ലതികാ വ്യക്തമാക്കി. അതേസമയം, താന്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അവര്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ലതികാ സുഭാഷ് ഇന്ദിരാ ഭവന് മുന്നില്‍ വച്ച് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും ലതികാ വ്യക്തമാക്കി. അതേസമയം, താന്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അവര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് മാധ്യമങ്ങളെ സാക്ഷിയാക്കി പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ വച്ച് തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കുകയും ചെയ്തു.
ഒരു ജില്ലയില്‍ ഒരു വനിതയ്ക്ക് എങ്കിലും കോണ്‍ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അത്തരത്തില്‍ ലിസ്റ്റ് നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഒരിക്കലും പാര്‍ട്ടിക്കെതിരേ പോരാടില്ലെന്നും സീറ്റ് കിട്ടാന്‍ ബിന്ദു കൃഷ്ണയ്ക്ക് പോലും കണ്ണീരണിയേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. വൈക്കത്തിന്റെ മരുമകളായ തന്നെ അവിടെ പോലും പരിഗണിച്ചില്ലെന്നും ഏറ്റുമാനൂര്‍ സീറ്റ് താന്‍ ആഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ ആത്മവിശ്വാസത്തില്‍ നിന്ന കോണ്ഗ്രസിന് കനത്ത ആഘാതമാണ് ലതികാ സുഭാഷിന്റെ പ്രതിഷേധം.