ബെംഗളൂരുവില്‍ സ്‌കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്‌ഫോടക വസ്തുശേഖരം
ബെംഗളൂരു: ബെംഗളൂരുവില്‍ സ്‌കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ബെംഗളൂരുവിലെ ചിക്കനായകനഹള്ളിയിലെ ഒരു സ്‌കൂളിന് എതിര്‍വശത്തുള്ള ലേബര്‍ ഷെഡില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണ് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയത്. മാര്‍ച്ച് 17ന് രാത്രിയാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക്കല്‍ ഡിറ്റൊണേറ്ററുകളുമടങ്ങിയ ശേഖരം ബെല്ലന്തൂര്‍ പോലിസ് കണ്ടെത്തിയത്. സംഭവത്തില്‍ സ്‌ഫോടക വസ്തു നിയമ പ്രകാരം കസ്റ്റഡിയിലെടുക്കുകയും ട്രാക്റ്റര്‍ ഉടമയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തതായി പോലിസ് സബ്ഇന്‍സ്‌പെക്ടര്‍ രേവന്‍സിദ്ദപ്പ അറിയിച്ചു. സ്‌ഫോടകവസ്തുവിന്റെ ഉറവിടം കണ്ടെത്താന്‍ ട്രാക്ടര്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. പാറ പൊട്ടിക്കാനോ ക്വാറിയിലേക്കോ കൊണ്ടുവന്നതാണോയെന്നാണ് പ്രധാനമായും പോലിസ് അന്വേഷിക്കുന്നത്.