മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക്; കവി സച്ചിദാനന്ദന് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് പോസ്റ്റിട്ടതിന് കവിയും എഴുത്തുകാരനും പ്രഭാഷകനുമായ സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിക്കെതിരേ ശശി തരൂര്‍ എംപി രംഗത്ത്. ഇത് നിന്ദ്യമായ നടപടിയാണെന്ന് സച്ചിതാനന്ദന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളും മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സച്ചിദാനന്ദന്റെ അക്കൗണ്ട് ഫേസ്ബുക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു.
Deplorable that @Facebook has suspended the account of one of Kerala's greatest living poets, @Satchida (K. Satchidanandan, former Secy of the SahityaAkademi), for posting a video about BJP's defeat in the Kerala Assembly elections. We must not allow censorship into our politics!
— Shashi Tharoor (@ShashiTharoor) May 8, 2021
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണിത്. നമ്മുടെ രാഷ്ട്രീയത്തില്‍ ഒരുകാരണവശാലും സെന്‍സര്‍ഷിപ്പ് അനുവദിക്കരുതെന്ന് തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. അമിത് ഷായെയും മോദിയെയും കുറിച്ചും കേരളത്തിലെ ബിജെപിയുടെ പരാജയത്തെക്കുറിച്ചും നര്‍മം കലര്‍ന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് താക്കീത് നല്‍കിക്കൊണ്ട് സച്ചിദാനന്ദന്റെ ഫേസ്ബുക് പോസ്റ്റുകളും ലൈക്കുകളും 24 മണിക്കൂര്‍ നേരത്തേയ്ക്ക് വിലക്കിയത്. സച്ചിദാനന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.