ഹമാസ് നേതാവിനെ സ്വാഗതം ചെയ്തു; മൗറീഷ്യന്‍ മുന്‍ മന്ത്രിക്ക് വിലക്കുമായി ഫേസ്ബുക്ക്
കഴിഞ്ഞ ദിവസം മൗറിത്താനിയയിലെത്തിയ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ സ്വാഗതം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് മൗറീഷ്യന്‍ മുന്‍ മന്ത്രി സിദി മുഹമ്മദ് വലദ് മഹമിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത്.
നവാക്‌ഷോത്ത്: മൗറിത്താനിയ സന്ദര്‍ശിക്കാനെത്തിയ ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ നേതാവിനെ സ്വാഗതം ചെയ്തതിന് മൗറീഷ്യന്‍ മുന്‍ മന്ത്രിക്ക് വിലക്കുമായി ഫേസ്ബുക്ക്. കഴിഞ്ഞ ദിവസം മൗറിത്താനിയയിലെത്തിയ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ സ്വാഗതം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് മൗറീഷ്യന്‍ മുന്‍ മന്ത്രി സിദി മുഹമ്മദ് വലദ് മഹമിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത്.
സിദി മുഹമ്മദിന് ഫേസ്ബുക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയതായി സഫ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രമുഖ നേതാക്കളുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താന്‍ രാജ്യത്തെത്തിയ ഹനിയ്യയേയും അദ്ദേഹത്തെ അനുഗമിച്ച സംഘത്തേയും മുന്‍ മന്ത്രി സ്വാഗതം ചെയ്തിരുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹനിയ്യക്കുള്ള പ്രസിഡന്റിന്റെ സ്വീകരണത്തെ പ്രശംസിക്കുകയും ഈ സ്വീകരണം ഫലസ്തീനികളുമായി ബന്ധപ്പെട്ട മൗറീഷ്യന്‍ നിലപാടുകളെയും തത്വങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മുന്‍ മന്ത്രിയുടെ പേജിലേക്കുള്ള പ്രവേശനം 24 മണിക്കൂര്‍ തടയുകയുമായിരുന്നു.