പാലാ ബിഷപ്പിനെതിരേ ഫേസ്ബുക്ക് പോസ്റ്റ്; എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരേ പോലിസ് അന്വേഷണം
ആരോപണത്തെ സംബന്ധിച്ച തെളിവുകള്‍ ബിഷപ്പ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരേ സംഘപരിവാര്‍ അനുകൂല സംഘടനയായ സിഎഎസ്എ (കാസ) നല്‍കിയ പരാതിയിലാണ് അന്വേഷണം.
കോഴിക്കോട്: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് 'നാര്‍ക്കോട്ടിക് ജിഹാദ്' നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിന്റെ വിവാദ പരാമര്‍ശത്തിനെതിരേ ഫേസ്ബുക്കിലൂടെ പ്രതികരിച്ച എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിനെതിരേ പോലിസ് അന്വേഷണം.
ആരോപണത്തെ സംബന്ധിച്ച തെളിവുകള്‍ ബിഷപ്പ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരേ സംഘപരിവാര്‍ അനുകൂല സംഘടനയായ സിഎഎസ്എ (കാസ) നല്‍കിയ പരാതിയിലാണ് അന്വേഷണം.
ബിഷപ്പിനെ വിമര്‍ശിച്ചുകൊണ്ടുള്ള സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കാസയുടെ ജില്ല കമ്മറ്റികള്‍ എല്ലാ ജില്ലകളിലും പരാതി നല്‍കിയിരുന്നു. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന 'നര്‍ക്കോര്‍ട്ടിക്ക് ജിഹാദി'നെയും 'ലൗ ജിഹാദി'നെ പറ്റി തന്റെ ജനങ്ങള്‍ക്ക് ബോധ്യം നല്‍കിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ സത്താര്‍ പന്തല്ലൂര്‍ വര്‍ഗീയ പരാമര്‍ശവും വിദ്വേഷ പ്രചാരണവും നടത്തിയെന്നാരോപിച്ചാണ് വിവിധ ജില്ലകളില്‍ പരാതി നല്‍കിയിട്ടുള്ളത്.
'ലൗ ജിഹാദ്', 'നാര്‍കോട്ടിക് ജിഹാദ'് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണമെന്നും അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണമെന്നും രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണമെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശം അഴിച്ചുവിട്ടത്. ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‌ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമായിരുന്നു ബിപ്പപ്പിന്റെ നുണപ്രചാരണം.
സംസ്ഥാനത്ത് ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക്ക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ആരോപിച്ചത്. ഇത്തരത്തില്‍ ഉള്ള ആളുകള്‍ക്ക് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇതിന്റെ ഇരയാക്കുകയാണെന്നും ബിഷപ്പ് അവകാശപ്പെട്ടിരുന്നു.
മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പാലാ ബിഷപ്പിനെതിരേ കേസെടുക്കാന്‍ പോലിസോ ഭരണകൂടമോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇമാംസ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്നാണ് ബിഷപ്പിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ പോലിസ് തയ്യാറായത്.
അതേസമയം, കേസ് എന്ന ഉമ്മാക്കി കാട്ടിയാല്‍ ഭയപ്പെടില്ലെന്നും പാലായിലെ അച്ഛന്‍ പറഞ്ഞത് വര്‍ഗീയതയാണെന്ന് ആയിരം വട്ടം ആവര്‍ത്തിച്ച് പറയുന്നുവെന്നും എസ്‌കെഎസ്എസ്എഫ് നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.