കോണ്‍ഗ്രസുമായി ബന്ധമുള്ള 687 പേജുകള്‍ നീക്കംചെയ്ത് ഫേസ്ബുക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജ അക്കൗണ്ടുകളേയും സ്പാമുകളേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

Update: 2019-04-01 10:46 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐടി സെല്ലുമായി ബന്ധമുള്ള വ്യക്തികളുടെ 687 പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജ അക്കൗണ്ടുകളേയും സ്പാമുകളേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഉള്ളടക്കത്തിന്റേയോ വ്യാജ വാര്‍ത്തയുടേയോ അടിസ്ഥാനത്തിലല്ല മറിച്ച് അസംബന്ധവും ഉപയോഗ ശൂന്യവുമായ സന്ദേശങ്ങളിലേക്ക് തള്ളിവിടുന്ന 'വിശ്വസനീയ്യമല്ലാത്ത സ്വഭാവത്തിന്റെ' അടിസ്ഥാനത്തിലാണ് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.

സംഭവത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുതിരിഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കര്‍ശനമായ നിയന്ത്രണമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ രാജ്യത്ത് നടപ്പാക്കുന്നത്. ഇന്ത്യയില്‍ മൂന്നു കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.ലോകത്തിലെ ഏറ്റവും അധികം ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യവും ഇന്ത്യയാണ്.തിരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വ്യാപകമായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത അക്കൗണ്ടുകളും പേജുകളുമാണ് പൂട്ടിയത്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരേയുള്ള പോസ്റ്റുകളാണ് ഇതില്‍ കൂടുതലെന്നും ഫേസ്ബുക്ക് അന്വേഷണത്തില്‍ കണ്ടെത്തി.കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ളവയാണ് ഈ അക്കൗണ്ടുകള്‍ എന്നാണ് ഫേസ്ബുക്ക് സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ പ്രസ്താവനയില്‍ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സിനോട് പറഞ്ഞത്. പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം പരിശോധിച്ചല്ല ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടുന്നത് മറിച്ച് അക്കൗണ്ടുകളുടെ സ്വഭാവം പരിഗണിച്ചാണ്.ഇതിന് പുറമെ പാക് സൈന്യവുമായി ബന്ധമുള്ള 103 പേജുകള്‍, ഗ്രൂപ്പുകള്‍, അക്കൗണ്ടുകള്‍ എന്നിവയും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

Tags:    

Similar News