ആലപ്പുഴ: നിയമബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ കീഴടങ്ങി. ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങി. മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നിയമബിരുദമില്ലാതെ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിനെത്തുടര്‍ന്നാണ് രാമങ്കരി നീണ്ടിശേരി സെസി സേവ്യറിനെതിരെ കേസെടുത്തിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്റെ ഓഫിസില്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ഥി എന്നു പറഞ്ഞാണെത്തിയത്. പിന്നീട് അഭിഭാഷകയായി എന്റോള്‍ ചെയ്‌തെന്ന് പറഞ്ഞ് ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടി.
ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ നടപടികളില്‍ പങ്കെടുക്കുകയും ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വിജയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സെസി സേവ്യര്‍ക്ക് നിയമബിരുദമില്ലെന്നു ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന് അജ്ഞാത കത്ത് കിട്ടിയത്. തുടര്‍ന്ന് യോഗ്യതയുടെ രേഖകള്‍ ഹാജരാക്കാന്‍ ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ സെസിയെ പുറത്താക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയെന്ന് ആരോപിച്ച് മോഷണക്കുറ്റവും ചുമത്തി. നേരത്തെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയിരുന്നെങ്കിലും ജാമ്യമില്ലാവകുപ്പ് ചുമത്തിയതറിഞ്ഞ് കോടതി വളപ്പില്‍ നിന്ന് പിറകുവശത്തെ ഗേറ്റ് വഴി മുങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.