വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെഎസ്‌യു നേതാവിന് ക്ലീന്‍ചിറ്റ് നല്‍കി പോലിസ് റിപോര്‍ട്ട്
തിരുവനന്തപുരം: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്‌യു നേതാവ് അന്‍സില്‍ ജലീല്‍ നിരപരാധിയെന്ന് പോലിസ് റിപ്പോര്‍ട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റഫര്‍ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കെഎസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന് ആരോപിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരളാ യൂനിവേഴ്‌സിറ്റിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തിയത്. അന്‍സില്‍ ജലീല്‍ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്നായിരുന്നു കേസ്. വ്യാജരേഖ ചമക്കല്‍, വഞ്ചനാ കുറ്റം ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരുന്നത്. അതേസമയം, വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരേ നിയമനടപടി തുടരുമെന്ന് അന്‍സില്‍ ജലീല്‍ പറഞ്ഞു. ദേശാഭിമാനി വാര്‍ത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ദേശാഭിമാനിക്കെതിരെ വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഏഴു ദിവസത്തിനകം നല്‍കണം. വ്യാജ വാര്‍ത്തയില്‍ ദേശാഭിമാനി ഉപാധികളില്ലാതെ മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.