വ്യാജ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ്; പോലിസിനും പരാതിക്കാര്‍ക്കുമെതിരേ യുപി കോടതി

Update: 2024-08-22 16:19 GMT

ലഖ്‌നോ: വ്യാജ മതപരിവര്‍ത്തനക്കേസില്‍ പരാതിക്കാര്‍ക്കും കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിക്ക് ഉത്തരവിട്ട് യുപി കോടതി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലാ കോടതിയാണ് കടുത്ത നടപടിയുമായി രംഗത്തെത്തിയത്. ഹിന്ദുമത വിശ്വാസികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കേസിലാണ് രണ്ട് പേരെയും വെറുതെവിട്ടുകൊണ്ട് കോടതി ശക്തമായ നടപടിയെടുത്തത്.


Full View


2022 ഒക്ടോബര്‍ ഏഴിന് നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത അഭിഷേക് ഗുപ്ത, കുന്ദന്‍ ലാല്‍ എന്നിവരെയാണ് ബറേലി ജില്ലാ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗ്യാനേന്ദ്ര ത്രിപാഠി വെറുതെവിട്ടത്. കുറ്റാരോപിതര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും സാമൂഹികവും സാമ്പത്തികവുമായ നഷ്ടം ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയ കോടതി പോലിസ് ചിലരുടെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിച്ചതെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണ് പരാതിക്കാരനായ ഹിമാന്‍ഷു പട്ടേല്‍, പ്രധാന സാക്ഷികളായ അരവിന്ദ് കുമാര്‍, ദേവേന്ദ്ര സിങ്, രവീന്ദ്ര കുമാര്‍, കേസന്വേഷിച്ച പോലിസ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ ബറേലി സീനിയര്‍ പോലിസ് സൂപ്രണ്ടിനോട് നിര്‍ദേശിച്ചത്. കുറ്റപത്രം അംഗീകരിച്ച അന്വേഷണ ഉദ്യോഗസ്ഥനും അധികാരപരിധിയിലുള്ള ഉദ്യോഗസ്ഥനുമെതിരേയും നടപടി വേണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

കേസ് കെട്ടിച്ചമച്ചതാണെന്നും ഇത്തരം നടപടികള്‍ പരിഷ്‌കൃത സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിക്ഷിപ്ത താല്‍പ്പരത്തിനു വേണ്ടി ഏതൊരാള്‍ക്കും ഇത്തരത്തില്‍ പരാതി നല്‍കാം. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് ഏതൊരു വ്യക്തിക്കെതിരെയും ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയും. അന്വേഷണത്തിന്റെ പേരില്‍ പോലിസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാവുന്ന അവസ്ഥയാണുള്ളത്. പോലിസ് ചില സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്. അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും സാങ്കല്‍പ്പികവുമായ കഥയ്ക്ക് നിയമപരമായ പരിരക്ഷ നല്‍കാനാണ് ാേപലിസ് ശ്രമിച്ചത്. ഇതുമൂലം പോലിസിന്റെ മാത്രമല്ല, കോടതിയുടെയും വിലപ്പെട്ട സമയവും അധ്വാനവും പണവും പാഴായെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഭാവിയില്‍ ഇത്തരം വഞ്ചനാപരമായ നടപടികള്‍ തടയാനും നിയമം അനുസരിക്കുന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.

    മാത്രമല്ല, കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ പരാതിക്കാരനും സാക്ഷികളും പോലിസ് ഉദ്യോഗസ്ഥരുമാണെന്നും കോടതി തുറന്നടിച്ചു. ഇവരുടെ കൂട്ടായ പ്രയത്‌നങ്ങള്‍ രണ്ട് പേര്‍ക്ക് നികത്താനാവാത്ത ദോഷം ഉണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍നടപടികള്‍ക്കായി വിധിയുടെ പകര്‍പ്പ് യുപി സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയക്കാനും കോടതി ഉത്തരവിട്ടു. ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്‌തെന്ന് ആരോപിച്ച് 2021 ലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് അഭിഷേക് ഗുപ്ത, കുന്ദന്‍ ലാല്‍പ എന്നിവര്‍ക്കെതിരേ കേസെടുത്തത്. ഗുപ്തയും എട്ടംഗ സംഘവും ചേര്‍ന്ന് മതപരിവര്‍ത്തനം നടത്തിയെന്നാണ് ഹിമാന്‍ഷു പട്ടേല്‍ എന്നയാള്‍ പരാതിപ്പെട്ടിരുന്നത്. മതപരിവര്‍ത്തനം ആരോപിച്ച് 15ഓളം ഹിന്ദുത്വരാണ് പോലിസിനെ സമീപിച്ചത്. പോലിസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 40 ഓളം പേരെ കണ്ടെത്തിയെന്നും ഇതില്‍ എട്ട് പേര്‍ ബൈബിളിന്റെ പകര്‍പ്പുകള്‍ കൈവശം വച്ചിരുന്നുവെന്നും എല്ലാവരും യേശുക്രിസ്തുവിനോട് പ്രാര്‍ഥിക്കുകയായിരുന്നുവെന്നുമാണ് പോലിസിന്റെ ആരോപണം. ഗുപ്തയുടെ പോക്കറ്റില്‍ നിന്ന് 100 രൂപ കണ്ടെടുത്തതായും പോലിസ് ആരോപിച്ചിരുന്നു. എന്നാല്‍, കേസന്വേഷണം ഏറെ സംശയാസ്പദമാണെന്ന് വിചാരണ വേളയില്‍ കോടതി കണ്ടെത്തി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ സംഭവമോ പ്രതികളുടെ പങ്കാളിത്തമോ സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തില്‍, മതം മാറാന്‍ പ്രേരിപ്പിച്ച ആരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടില്ലെന്നും ബൈബിളോ മറ്റു ഗ്രന്ഥങ്ങളോ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Tags:    

Similar News