എംബിബിഎസ് പ്രവേശനത്തിനായി വ്യാജ രേഖ ചമക്കല്‍; സിഎസ്‌ഐ ബിഷപ്പിനെതിരേ കേസ്
കോടതി നിര്‍ദേശ പ്രകാരമാണ് ബിഷപ്പിനെ മൂന്നാം പ്രതിയാക്കി നെയ്യാറ്റിന്‍കര പോലിസ് കേസെടുത്തത്. സിഎസ്‌ഐ സഭയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് ഒരു വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നേടാനായി വ്യാജ രേഖയുണ്ടാക്കാന്‍ ബിഷപ്പ് കൂട്ടുനിന്നുവെന്നാണ് പരാതി.
തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിനായി വ്യാജ രേഖ ചമച്ചെന്ന പരാതിയില്‍ സിഎസ്‌ഐ ദക്ഷിണ മഹാ ഇടവക ബിഷപ്പ് ധര്‍മ്മരാജ റാസ്സലത്തിനെതിരേ പോലിസ് കേസെടുത്തു. കോടതി നിര്‍ദേശ പ്രകാരമാണ് ബിഷപ്പിനെ മൂന്നാം പ്രതിയാക്കി നെയ്യാറ്റിന്‍കര പോലിസ് കേസെടുത്തത്. സിഎസ്‌ഐ സഭയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് ഒരു വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നേടാനായി വ്യാജ രേഖയുണ്ടാക്കാന്‍ ബിഷപ്പ് കൂട്ടുനിന്നുവെന്നാണ് പരാതി. കുമാരപുരം സ്വദേശിയും സിഎസ്‌ഐ സഭയിലെ അംഗവുമായ വി ടി മോഹനനാണ് ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയത്.
പ്രവേശനം നേടിയ വിദ്യാര്‍ഥിനി സിഎംഎസ് ആംഗ്ലിക്കന്‍ ചര്‍ച്ചിലെ അംഗമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും കോളജ് ചെയര്‍മാന്‍ കൂടിയായ ബിഷപ്പ് ഇതിന് കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വിദ്യാര്‍ഥിനിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും വിദ്യാര്‍ഥിനിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.