കൊറോണ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത വ്യാജം

സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നും ഉത്തരവ് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ലൈവ് ലോ വെബ്‌സൈറ്റിന്റെ ലിങ്കിനൊപ്പം പ്രചരിച്ച സന്ദേശത്തില്‍ പറയുന്നു.

Update: 2020-04-08 10:27 GMT

ന്യൂഡല്‍ഹി: കൊറോണ വിവരങ്ങള്‍ വ്യക്തികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് നിരോധിച്ചെന്നും ഇതു ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നുമുള്ള തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച വാര്‍ത്ത വ്യാജം. സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നും ഉത്തരവ് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ലൈവ് ലോ വെബ്‌സൈറ്റിന്റെ ലിങ്കിനൊപ്പം പ്രചരിച്ച സന്ദേശത്തില്‍ പറയുന്നു.

 സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയതായും വ്യാജ സന്ദേശത്തില്‍ പറയുന്നു. ദുരന്ത നിവാരണ നിയമം പ്രാബല്യത്തില്‍ വന്നതായും ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ഈ നിര്‍ദ്ദേശം അംഗങ്ങള്‍ക്ക് കൈമാറണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും വ്യാജ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലൈവ് ലോ തന്നെ ഈ സന്ദേശം വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിക്കണെന്നാവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നിര്‍ദേശങ്ങള്‍ തേടികൊണ്ടുള്ള പൊതുതാല്‍പര്യ ഹരജികള്‍ക്കും പകര്‍ച്ചാവ്യാധി പകരുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്രം സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഈ അഭ്യര്‍ഥന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ലൈവ്‌ലോയുടെ വാര്‍ത്തയോടൊപ്പമാണ് വ്യാജ വാര്‍ത്തയും വ്യാപകമായി പ്രചരിപ്പിച്ചത്.


 ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ അച്ചടി-ദൃശ്യ-ശ്രാവ്യ -നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ മനപൂര്‍വമോ ആസൂത്രിതമായോ കൃത്യതയില്ലാത്തടോ ആയ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്നത് പരിഭ്രാന്തി സൃഷ്ടിക്കും. ലോകം മഹാമാരിയെ രേനിടാന്‍ പാടുപെടുമ്പോള്‍ ഇത്തരം അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടിംഗുകള്‍ രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗത്തെ പരിഭ്രാന്തിയിലേക്ക് നയിക്കാന്‍ ഇടായാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഐഎഎസ് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് വ്യാജ വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. 

Tags:    

Similar News