ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Update: 2022-08-24 04:55 GMT

ഛണ്ഡിഗഢ്: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ (42) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയില്‍ ഗോവയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സൊനാലി മരിച്ചത്. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

സൊനാലി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് സഹോദരി രാമന്‍ പറഞ്ഞു. സൊനാലി ആരോഗ്യവതിയായിരുന്നു. ഹൃദയാഘാതമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല. അവള്‍ക്ക് അത്തരത്തിലൊരു ആരോഗ്യപ്രശ്‌നമില്ലായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാന്‍ കുടുംബം തയ്യാറല്ല. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണെന്ന് രാമന്‍ പറഞ്ഞു.

മരണത്തിന് തലേദിവസം വൈകുന്നേരം അവളുടെ ഫോണ്‍ വന്നു. വാട്‌സ് ആപ്പില്‍ സംസാരിക്കണമെന്ന് അവള്‍ പറഞ്ഞു. സംശയകരമായതെന്തോ നടക്കുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട് അവള്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ എടുത്തില്ല- രാമന്‍ ആശങ്ക പങ്കുവച്ചു. സൊനാലി ഫോഗട്ട് തന്റെ അമ്മയെ വിളിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സുഖമില്ലെന്ന് പറഞ്ഞതായും സഹോദരി കൂട്ടിച്ചേര്‍ത്തു. ഒരു സംഘത്തോടൊപ്പം ഗോവയിലേക്ക് പോയ സൊനാലി ഫോഗട്ടിനെ അസ്വസ്ഥതയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാവുമെന്നാണ് കുടുംബത്തിന്റെ ചോദ്യത്തിന് ഗോവ പോലിസ് മേധാവി ജസ്പാല്‍ സിങ് നല്‍കിയ മറുപടിയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. ടിക് ടോക് മുന്‍ താരമായ സൊനാലി റിയാലിറ്റി ടിവി ഷോയായ ബിഗ് ബോസിലൂടെയാണ് പ്രശസ്തയായത്. 2006 ല്‍ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ച സൊനാലി രണ്ട് വര്‍ഷത്തിന് ശേഷം ബിജെപിയില്‍ ചേരുകയായിരുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷ്‌ണോയിയോടു പരാജയപ്പെട്ടു.

Tags:    

Similar News