രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല; പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ സമരത്തില്‍

2019 ഫെബ്രുവരി 14നായിരുന്നു പുല്‍മാവയില്‍ ആക്രമണമുണ്ടായത്. 40 സൈനികരുടെ ജീവന്‍ നഷ്ടമായ ആക്രമണമുണ്ടായി രണ്ടുവര്‍ഷം പിന്നിടുമ്പോഴും ചുരുളഴിയാതെ ദുരൂഹതകള്‍ ഇനിയും ബാക്കിയാവുകയാണ്.

Update: 2021-07-03 01:55 GMT

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണം നടന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. പുല്‍വാമ ആക്രമത്തില്‍ കൊല്ലപ്പെട്ട ആഗ്ര സ്വദേശി കൗഷല്‍ കിഷോര്‍ റാവത്തിന്റെ ഭാര്യയാണ് കഹ്‌റായ് ഗ്രാമത്തിലെ കൗഷല്‍ കിഷോറിന്റെ പ്രതിമക്ക് മുന്നില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചത്. പുല്‍വാമ ആക്രമണത്തിന്റെ സ്മാരകമായി ഉയര്‍ത്തിയ കൗഷല്‍ കിഷോറിന്റെ പ്രതിമയും ഇതുവരെ അനാച്ഛാദനം ചെയ്തിട്ടില്ല. തങ്ങള്‍ക്ക് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റാവത്തിന്റെ ഭാര്യ മമ്ത ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ്, പോലിസ് ഉള്‍പ്പടെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം പുല്‍വാമയില്‍ കൊല്ലപ്പെട്ട റാവത്തിന്റെ കുടുംബത്തിനായി മാറ്റിവച്ചിരുന്നു. എന്നാല്‍, ഈ സംഖ്യ റാവത്തിന്റെ കുടുംബത്തിന് കൈമാറുന്നതിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പണം അനുവദിച്ച് കിട്ടുന്നതായി റാവത്തിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ ഓഫിസുമായും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 ഫെബ്രുവരി 14നായിരുന്നു പുല്‍മാവയില്‍ ആക്രമണമുണ്ടായത്. 40 സൈനികരുടെ ജീവന്‍ നഷ്ടമായ ആക്രമണമുണ്ടായി രണ്ടുവര്‍ഷം പിന്നിടുമ്പോഴും ചുരുളഴിയാതെ ദുരൂഹതകള്‍ ഇനിയും ബാക്കിയാവുകയാണ്. ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ പല ചോദ്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് ഇതുവരെ കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉച്ചകഴിഞ്ഞ് 3.15ന് അവധി കഴിഞ്ഞുമടങ്ങിയവര്‍ അടക്കം 2,547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് പോവുമ്പോള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം.

സ്‌ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ കാര്‍, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സായുധന്‍ ഓടിച്ച കാറില്‍ 100 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസ്സും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. പിന്നീട് വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി. മലയാളിയായ വസന്തകുമാര്‍ അടക്കം 40 ജവാന്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ആക്രമണം നടത്തിയ സായുധനെന്ന് പോലിസ് പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ജയ്‌ഷെ മുഹമ്മദ്, സായുധന്റെ വീഡിയോ പുറത്തുവിടുകയുമുണ്ടായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് നടന്ന പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നത് വലിയ വിവാദമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സൈനികരെ ബലികൊടുത്തുവെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും. പുല്‍വാമ ആക്രമണവും ഫെബ്രുവരി 26ന് തിരിച്ചടിയായി നടത്തിയ ബാലാക്കോട്ട് ആക്രമണവുമാണ് ബിജെപി തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനായി ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്.

അതേസമയംതന്നെ പുല്‍വാമ ആക്രമണത്തിന് കാരണമായ സുരക്ഷാവീഴ്ചയെക്കുറിച്ചും ചര്‍ച്ചകളും ദുരൂഹതകളും ഉയര്‍ന്നുവരികയുണ്ടായി. സിആര്‍പിഎഫ് ജവാന്‍മാരെ വാഹനങ്ങളില്‍ കൊണ്ടുപോവുമ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ ഇവിടെയും സ്വീകരിച്ചിരുന്നു. എന്നിട്ടും സുരക്ഷാവീഴ്ചയുണ്ടായി. പുല്‍വാമ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് തിരിച്ചടിയായി എന്നതായിരുന്നു പ്രധാന വിമര്‍ശനം. ആക്രമണം നടത്തിയ ആദിലിന് ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ എവിടെനിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

ഏറ്റവുമൊടുവില്‍ ജമ്മു കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിങ് സുയുധരോടൊപ്പം അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ദേവീന്ദര്‍ സിങ് പുല്‍വാമ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് വ്യക്തമായതായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആരോപിച്ചെങ്കിലും കേന്ദ്രം മൗനം തുടരുകയാണ്. ദേവീന്ദര്‍ സിങ് പിടിയിലായ പശ്ചാത്തലത്തില്‍ പുല്‍വാമ ആക്രമണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തുവന്നിരുന്നു. ഗോധ്ര പോലെ ബിജെപി ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതിയാണ് പുല്‍വാമ ആക്രമണമെന്ന് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല തുടക്കത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു.

ആക്രമണത്തിന് ഉപയോഗിച്ച ആര്‍ഡിഎക്‌സ് നിറച്ച വാഹനത്തില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ അടയാളമായ ജിജെ എന്നീ അക്ഷരങ്ങളുണ്ടായിരുന്നുവെന്നാണ് നിലവില്‍ എന്‍സിപിയില്‍ പ്രവര്‍ത്തിക്കുന്ന വഗേല മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നിരവധി ഭീകരാക്രമണങ്ങളാണു രാജ്യത്ത് നടന്നത്. ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 സായുധര്‍ കൊല്ലപ്പെട്ടുവെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിനും തെളിയിക്കാനായിട്ടില്ല.

ബാലാക്കോട്ട് വ്യോമാക്രമണവും ആസൂത്രിത ഗൂഢാലോചനയാണെന്ന് വഗേല കുറ്റപ്പെടുത്തി. അധികാരത്തിലേറാന്‍ മോദി 42 ജവാന്‍മാരെ കൊലയ്ക്കുകൊടുത്തെന്നാണ് മുന്‍ മിസോറാം ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ അസീസ് ഖുറേഷി തുറന്നടിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വാഹനങ്ങള്‍ എങ്ങിനെയാണ് ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചതെന്ന് ഖുറേഷി ചോദിക്കുന്നു. പുല്‍വാമ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചയില്‍ സംശയം പ്രകടിപ്പിച്ച് എസ്പി നേതാവ് രാം ഗോപാല്‍ യാദവും രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍നബ് ഗോസ്വാമി നേരത്തേ അറിഞ്ഞതിന്റെ തെളിവുകള്‍ പുറത്തുവന്നതും നിരവധി സംശയങ്ങള്‍ക്കിടയാക്കുന്നു.

പുല്‍വാമ ആക്രമണം ആഘോഷിച്ചുകൊണ്ടുള്ള അര്‍നബിന്റെ ചാറ്റ് വിവരങ്ങളാണ് പുറത്തായത്. ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുണ്ടായിരുന്നത്. ബിജെപി തിരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്നും ചാറ്റില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News