വിവാദ കാര്‍ഷിക നിയമം: സമരക്കാര്‍ക്കെതിരേ രാജ്യദ്രോഹക്കേസും അറസ്റ്റും; ഹരിയാനയില്‍ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍, പോലിസ് ബാരിക്കേഡ് തകര്‍ത്തു

Update: 2021-07-17 13:36 GMT

ഛണ്ഡിഗഢ്: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരെ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റുചെയ്യുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരേ ഹരിയാനയില്‍ പ്രതിഷേധം കത്തുന്നു. രാജ്യതലസ്ഥാനത്ത് മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിന്റെ ചുവടുപിടിച്ചാണ് ഹരിയാനയിലും പ്രക്ഷോഭം ശക്തമായത്. ജൂലൈ 11ന് ഹരിയാന ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ രണ്‍ബീര്‍ ഗാംഗ്‌വയുടെ കാര്‍ ആക്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹരിയാന പോലിസ് കേസെടുത്തത്. ഇവരില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റുചെയ്തതോടെയാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായത്.


 ഹരിയാനയിലെ സിര്‍സയില്‍ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകരെ നേരിടാന്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അര്‍ധസൈനികരെ അടക്കം വന്‍തോതില്‍ വിന്യസിച്ചിട്ടും പ്രതിഷേധക്കാര്‍ പ്രകടനവുമായി മുന്നോട്ടുപോയി. അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ പ്രതിഷേധിക്കുന്നതിനാല്‍ ഡല്‍ഹിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സിര്‍സയില്‍ രാവിലെ മുതല്‍ അതീവ ജാഗ്രതയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 20 അംഗ കര്‍ഷകരുടെ സമിതി ഒരുസംഘം ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ഞായറാഴ്ച ബിജെപിയുടെ രണ്‍ബീര്‍ ഗാംഗ്വയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം തകര്‍ക്കുകയും ചെയ്തുവെന്നാണ് പോലിസ് ആരോപിക്കുന്നത്.

തുടര്‍ന്ന് നൂറിലധികം കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇവരില്‍ അഞ്ചുപേരെ വ്യാഴാഴ്ച അറസ്റ്റുചെയ്തു. നവംബര്‍ അവസാനത്തിനുശേഷം വിവാദ നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഇതാദ്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. രാജ്യദ്രോഹത്തിന് പുറമെ കര്‍ഷകര്‍ക്കെതിരേ കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരേ സുപ്രിംകോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സമരം ചെയ്ത കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കെസെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കര്‍ഷക പ്രസ്ഥാനം നേതാക്കളായ ഹര്‍ചരന്‍ സിങ്, പ്രഹ്ലാദ് സിങ് തുടങ്ങിയവരുടെ പേരുകള്‍ എഫ്‌ഐആറിലുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി സമരം നടത്തുന്ന കര്‍ഷക സംഘടനകളിലൊന്നായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവന പുറത്തിറക്കി. വാസ്തവവിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കര്‍ഷകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിനെ കോടതിയില്‍ നേരിടും. ഹരിയാന ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ പ്രതിഷേധച്ചതിന്റെ പേരില്‍ കര്‍ഷക നേതാക്കളായ ഹര്‍ചരന്‍ സിങ്, പ്രഹ്ലാദ് സിങ്, നൂറോളം കര്‍ഷകര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി വ്യാജ കേസെടുത്തിട്ടുണ്ട് പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News