ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; നടപ്പാക്കലില്‍ ആശങ്ക
ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റവരി മാത്രമാക്കുന്ന ടോള്‍ പ്ലാസകളില്‍ കിലോ മീറ്ററുകളോളം നീളുന്ന ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കാനിടയാക്കും. എന്നാല്‍ ഫാസ്ടാഗ് സംവിധാനം കര്‍ശനമായി നടപ്പാക്കാനാണു ടോള്‍ പ്ലാസകള്‍ക്ക് ദേശീയപാത അതോറിറ്റി നല്‍കിയ നിര്‍ദേശം.
കോഴിക്കോട്: രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം ഇന്നു മുതല്‍ നിലവില്‍ വരും. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ട്രാക്കില്‍ കയറിയാല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റവരി മാത്രമാക്കുന്ന ടോള്‍ പ്ലാസകളില്‍ കിലോ മീറ്ററുകളോളം നീളുന്ന ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കാനിടയാക്കും. എന്നാല്‍ ഫാസ്ടാഗ് സംവിധാനം കര്‍ശനമായി നടപ്പാക്കാനാണു ടോള്‍ പ്ലാസകള്‍ക്ക് ദേശീയപാത അതോറിറ്റി നല്‍കിയ നിര്‍ദേശം.പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കാണുള്ളത്. ഇവയില്‍ അഞ്ചും ഇന്നു മുതല്‍ ഫാസ്ടാഗ് ട്രാക്കുകളായി മാറും. ദിവസം അരലക്ഷത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ ഇവയില്‍ പന്ത്രണ്ടായിരം എണ്ണത്തിനു മാത്രമേ ഫാസ്ടാഗ് ഉള്ളൂ.
നേരത്തെ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതു രണ്ടുഘട്ടമായി നീട്ടുകയായിരുന്നു. ആദ്യം ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നടപ്പാക്കാനായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ഫാസ്ടാഗ് നടപ്പാക്കുന്നത് പിന്നീട് ഡിസംബര്‍ 15ലേക്കു മാറ്റി. തീരുമാനം വീണ്ടും ഒരുമാസത്തേക്കു നീട്ടുകയായിരുന്നു. 75 ശതമാനം വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറിയിട്ടില്ലാത്തതിനാല്‍ ടോള്‍ പ്ലാസകളില്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു കണ്ടാണു തീരുമാനം നീട്ടിയത്.
രാജ്യത്ത് ദേശീയ, സംസ്ഥാനപാതകളിലെ 420ലേറെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്കു ടോള്‍പ്ലാസയില്‍ കാത്തുനില്‍ക്കാതെ പ്രത്യേക വരി വഴി കടന്നുപോകാം. പഴയ വണ്ടികള്‍ക്കു ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇതാണു ഡിസംബര്‍ ഒന്നോടെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ്. ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണു സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ ആര്‍എഫ്‌ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.
പ്രധാന ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ഫാസ്ടാഗ് അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്ടാഗ് ലഭിക്കും. നൂറു രൂപയാണു ടാഗ് വില, 200 രൂപയുടെ തിരിച്ചുകിട്ടുന്ന നിക്ഷേപം, വാലറ്റില്‍ 200 രൂപ എന്നിങ്ങനെ അഞ്ഞൂറ് രൂപയാണ് ആദ്യം മുടക്കേണ്ടത്. അഞ്ചുവര്‍ഷം കാലാവധിയുള്ള അക്കൗണ്ടില്‍ തുടര്‍ന്ന് 100 രൂപ മുതല്‍ ലക്ഷം വരെ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം.
തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) എന്നിവിടങ്ങളിലും ഫാസ്ടാഗ് രജിസ്‌ട്രേഷന്‍ നടത്താം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്. ഫാസ്ടാഗ് സംവിധാനത്തില്‍ അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസ കടന്നുപോകാമെന്നതാണു ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം. നിലവില്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് കടക്കാന്‍ നിശ്ചയിച്ച 15 സെക്കന്‍ഡാണ്. എന്നാല്‍ ഫാസ്ടാഗ് സംവിധാനത്തില്‍ മൂന്നു സെക്കന്‍ഡ് മതിയെന്നാണു ദേശീയപാത അതോറിറ്റി അവകാശപ്പെടുന്നത്.
മണിക്കൂറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാനാണു നിലവില്‍ ഒരു ടോള്‍ ബൂത്തിന്റെ ശേഷി. ഇതു ഫാസ്ടാഗ് സംവിധാനത്തില്‍ 1200 വാഹനങ്ങളായി ഉയരുമെന്നു ദേശീയപാത അതോറിറ്റി പറയുന്നു.