മഞ്ഞുരുകുമോ? അള്‍ജീരിയയില്‍ ഹമാസ്-ഫത്തഹ് അനുരഞ്ജന ചര്‍ച്ച
വടക്കന്‍ ആഫ്രിക്കന്‍ ഭരണകൂട നേതൃത്വത്തിന്റെ ക്ഷണപ്രകാരമാണ് തങ്ങളുടെ പ്രതിനിധി സംഘം അള്‍ജീരിയയിലേക്ക് പോയതെന്ന് ഫതഹ് പ്രസ്താവനയില്‍ പറഞ്ഞു.
അള്‍ജിയേഴ്‌സ്: ഭിന്നതകള്‍ അവസാനിപ്പിച്ച് ഫലസ്തീന്‍ ഐക്യം സാധ്യമാക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിന് വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന ഫതഹിന്റെയും ഗസ നിയന്ത്രിക്കുന്ന ഹമാസിന്റെയും പ്രതിനിധികള്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലെത്തി. വടക്കന്‍ ആഫ്രിക്കന്‍ ഭരണകൂട നേതൃത്വത്തിന്റെ ക്ഷണപ്രകാരമാണ് തങ്ങളുടെ പ്രതിനിധി സംഘം അള്‍ജീരിയയിലേക്ക് പോയതെന്ന് ഫതഹ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ലക്ഷ്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും ദേശീയ ഐക്യം സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് അനുരഞ്ജന ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്നും ഫതഹ് വ്യക്തമാക്കി.
പ്രതിനിധി സംഘത്തില്‍ പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അസം അല്‍ അഹമ്മദ്, റൗഹി ഫത്തൂഹ് എന്നിവരും ഉള്‍പ്പെടുന്നു. ഫലസ്തീനിയന്‍ അനുരഞ്ജനവുമായി ബന്ധപ്പെട്ട അള്‍ജീരിയന്‍ ശ്രമങ്ങളെ തന്റെ പ്രസ്ഥാനം ക്രിയാത്മകമായി നോക്കികാണുന്നുവെന്നും ഫതഹ് സെന്‍ട്രല്‍ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി സാബ്രി സെയ്ദം അനഡോലു ഏജന്‍സിയോട് പറഞ്ഞു.
'അനുരഞ്ജന ശ്രമങ്ങളുമായി അള്‍ജീരിയ മുന്നോട്ട പോവുകയാണ്. ഇരു വിഭാഗവും വ്യക്തിഗതമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ ശ്രമത്തേയും പ്രായോഗിക നടപടികളേയും തങ്ങള്‍ സ്വാഗതം ചെയ്യുന്നു' -സാബ്രി സെയ്ദം പറഞ്ഞു.എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് നേരിടാന്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ നിലപാടുകളുമായുള്ള ഐക്യവും അന്താരാഷ്ട്ര നിയമസാധുതയുമാണ് വേണ്ടത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ പാര്‍ലമെന്റ് ക്രമീകരിക്കുന്നതിനും ഇരുപക്ഷവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുന്നതിനുമുള്ള സംഭാഷണം പുനരാരംഭിക്കുന്നതിനായി ഹമാസ് പ്രതിനിധികള്‍ ഞായറാഴ്ച അള്‍ജീരിയയിലെത്തിയതായി പ്രസ്ഥാനത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
അറബ്, ഇസ്ലാമിക് റിലേഷന്‍സ് ഓഫിസ് മേധാവി ഖലീല്‍ അല്‍ഹയ്യ, പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങളായ മഹെര്‍ സലാ, ഹുസാം ബദ്രന്‍, അള്‍ജീരിയയിലെ പ്രസ്ഥാനത്തിന്റെ പ്രതിനിധി മുഹമ്മദ് ഉസ്മാനും പ്രതിനിധി സംഘത്തിലുണ്ട്.
2007ലെ വേനല്‍ക്കാലം മുതല്‍, ഫലസ്തീനികള്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ വിഭജനങ്ങള്‍ അനുഭവിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിന് ശേഷം, അധിനിവേശ പ്രദേശങ്ങളുടെ നിയന്ത്രണം പ്രസ്ഥാനത്തിന് കൈമാറാന്‍ ഫതഹ് വിസമ്മതിക്കുകയായിരുന്നു. ഉപരോധിച്ച ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിനാണ്. അതേസമയം ഫതഹിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയാണ് അധിനിവേശ വെസ്റ്റ്ബാങ്കിന്റെ ഭരണം കൈയാളുന്നത്.