കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛന് ക്രൂരമര്‍ദ്ദനം; നാലു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡിപ്പോ സ്‌റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ്, കണ്ടക്ടര്‍ എന്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

Update: 2022-09-20 13:44 GMT

തിരുവനന്തപുരം: കാട്ടാക്കടയില്‍ ബസ് കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനെ മകള്‍ക്കു മുന്നിലിട്ട് സംഘം ചേര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ കാട്ടാക്കട ഡിപ്പോയിലെ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

ഡിപ്പോ സ്‌റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ്, കണ്ടക്ടര്‍ എന്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. 45 ദിവസത്തനികം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നല്‍കിയിയ നിര്‍ദേശം.

സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ കാട്ടാക്കട പോലിസ് കേസെടുത്തിട്ടുണ്ട്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചത്. തടയാന്‍ എത്തിയ മകളേയും ആക്രമിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മകള്‍ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍.

പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ അത് ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതും ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച് പ്രേമനന് പരിക്കേറ്റു. ഉപദ്രവിക്കരുതെന്ന് മകള്‍ കരഞ്ഞ് പറഞ്ഞിട്ടും ജീവനക്കാര്‍ മര്‍ദ്ദനം തുടരുകയായിരുന്നു. ഗതാഗമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കെഎസ്ആര്‍ടിസി വിജിലന്‍സ് സംഘം പ്രേമനന്റെ മൊഴിയെടുത്തു. പ്രേമനന്‍ കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്.

Tags:    

Similar News