ഫത്ഹുല്ല മുത്ത് കോയ തങ്ങള്‍ അന്തരിച്ചു

Update: 2025-04-27 18:25 GMT
ഫത്ഹുല്ല മുത്ത് കോയ തങ്ങള്‍ അന്തരിച്ചു

കൊച്ചി: ലക്ഷദ്വീപിലെ അമിനി ദ്വീപ് ഖാദിയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായിരുന്ന ഫത്ഹുല്ല മുത്ത് കോയ തങ്ങള്‍ (83) അന്തരിച്ചു. കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ ഒമ്പതിനായിരുന്നു അന്ത്യം. ലക്ഷദ്വീപിന്റെ ആത്മീയ നേതൃത്വത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്നു.

1942 ആഗസ്റ്റ് 17ന് അമിനി ദ്വീപില്‍ പാട്ടകല്‍ അബൂസ്വാലിഹ് കുഞ്ഞിക്കോയ തങ്ങളുടെയും പാത്തുമ്മാതാട ഹലീമാബീവിയുടെയും മകനായാണ് ജനനം. അമിനി ദ്വീപിലെ ഗവ. സ്‌കൂളിലും ശേഷം കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ദര്‍സുകളിലും പഠനം നടത്തി. പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളജില്‍നിന്ന് ഫൈസി പഠനം പൂര്‍ത്തിയാക്കി.

താഴെക്കോട് കുഞ്ഞലവി മുസ്ലിയാര്‍, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ ശിഷ്യനായിരുന്നു. കേരളം, ലക്ഷദ്വീപ് എന്നിവക്ക് പുറമെ ശ്രീലങ്കയിലെ കൊളംബോ കേന്ദ്രമാക്കിയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 55 വര്‍ഷമായി ഖാദിയായി തുടരുന്ന ഫത്ഹുല്ല തങ്ങള്‍ അമിനി മഅദനുല്‍ ഇസ്ലാം മദ്‌റസ പ്രസിഡന്റ്, സിദ്ധീഖ് മൗല അറബിക് കോളജ് ജനറല്‍ സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിക്കുന്നു.

പരേതയായ അമിനി പാട്ടകല്‍ മുത്തിബിയാണ് ഭാര്യ. മക്കള്‍: അബൂസ്വാലിഹ് തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍, ഖദീജ, ഹാജറാബി, ഹമീദത്ത്ബി, ഹഫ്സ, സഫിയ്യാബി, സുമയ്യ, സത്തി ഫഇസ, പരേതനായ മുഹമ്മദ് ഖാസിം തങ്ങള്‍. മരുമക്കള്‍: ചെറിയ കോയ തങ്ങള്‍, സെയ്ദ് കോയ, യാകൂബ് മാസ്റ്റര്‍, മുഹമ്മദ് ഹസന്‍, മുഹമ്മദ് സയീദ്, മുഹമ്മദ് ഹിഷാം, സയ്യിദ് ഷിഹാബുദീന്‍. പൊതുദര്‍ശനത്തിനുശേഷം കൊണ്ടോട്ടി മുണ്ടക്കുളം ശംസുല്‍ഉലമ സ്മാരക ജാമിഅഃ ജലാലിയ കാമ്പസില്‍ ഖബറടക്കം നടത്തി.






Tags:    

Similar News