ഫസല്‍ വധക്കേസില്‍ സിപിഎമ്മിന് വീണ്ടും തിരിച്ചടി; സിബിഐയുടെ പുനരന്വേഷണ റിപോര്‍ട്ടിനെതിരേ സഹോദരന്‍ നല്‍കിയ ഹരജി തള്ളി
കൊച്ചി: സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതിയായ തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐയുടെ പുനരന്വേഷണ റിപോര്‍ട്ടിനെതിരേ ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ നല്‍കിയ ഹരജി സിബിഐ കോടതി തള്ളി. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് സിബിഐ നടത്തിയ പുനരന്വേഷണത്തില്‍ സിപിഎം നേതാക്കള്‍ തന്നെയാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. ഈ റിപോര്‍ട്ടിനെതിരേ സിപിഎമ്മിന്റെ പിന്തുണയോടെ ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ ഫസല്‍ വധക്കേസിലെ അന്വേഷണം അട്ടിമറിക്കാനുളള സിപിഎമ്മിന്റെ നീക്കം വീണ്ടും പൊളിഞ്ഞിരിക്കുകയാണ്.
പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിചേര്‍ക്കാന്‍ പോലിസ് ശ്രമിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിനെക്കൊണ്ട് സിബിഐ കോടതിയില്‍ ഹരജി നല്‍കി. എന്നാല്‍, സിബിഐ കോടതി ഈ ഹരജി തള്ളി. തുടര്‍ന്ന് അബ്ദുല്‍ സത്താര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസില്‍ ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശവും നല്‍കി.
അതേസമയം, ഫസല്‍ വധക്കേസിലെ അന്വേഷണം ശരിയായ രീതിയില്‍ തന്നെയായിരുന്നെന്നും സിപിഎം നേതാക്കള്‍ തന്നെയാണ് ഫസലിനെ വധിച്ചതെന്നും സിബിഐ പുനരന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് സിബിഐ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശിച്ച രീതിയിലുള്ള അന്വേഷണമല്ല നടന്നതെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ്ട് അബ്ദുല്‍ സത്താര്‍ സിബിഐ കോടതിയെ വീണ്ടും സമീപിച്ചത്. സുബീഷിനെതിരേ നിരവധി ആരോപണങ്ങളും ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സുബീഷും കേസില്‍ കക്ഷിചേരുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ച പോലിസിനെതിരേ സിബിഐ രംഗത്തുവന്നിരുന്നു. ഫസല്‍ വധക്കേസില്‍ അന്വേഷണം നടത്തിയ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരേയാണ് നടപടി ആവശ്യപ്പെട്ടത്. ഇതില്‍ സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി പി സദാനന്ദന്‍ ഫസല്‍ കേസ് അന്വേഷണ സമയത്ത് ഡിവൈഎസ്പിയായിരുന്നു. സിഐ കെ പി സുരേഷ് ബാബുവിനെതിരെയും നടപടിയെടുക്കണമെന്നും ഫസല്‍ കേസിലെ തുടരന്വേഷണ റിപോര്‍ട്ടില്‍ സിബിഐ നിര്‍ദേശിച്ചിരുന്നു.
വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലില്‍വച്ചാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നാണ് സിബിഐ കണ്ടെത്തിയത്. എസിപി പി പി സദാനന്ദന്‍, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ കെ പി സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് സുബീഷിന്റെ മൊഴിയിലൂടെ ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇതില്‍ പോലിസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന് സിബിഐ റിപോര്‍ട്ടില്‍ വ്യക്തമാക്കി.
കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെയുള്ളവരാണെന്നും കൊലപാതകം നടത്തിയത് കൊടി സുനി ഉള്‍പ്പെട്ട സംഘം തന്നെയാണെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. അഡ്വ. പി എസ് അര്‍ജുന്‍ ശ്രീധറാണ് സുബീഷിനു വേണ്ടി ഹാജരായത്. സിബിഐയ്ക്ക് വേണ്ടി പ്രോസിക്യൂട്ടറായി അഡ്വ. ബോബി ജോസഫും ഹാജരായി. 2006 ഒക്ടോബര്‍ 22 നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെടുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പോലിസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനെത്തുടര്‍ന്ന് ഫസലിന്റെ ഭാര്യ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തിലാണ് സിപിഎം നേതാക്കളുടെ പങ്ക് പുറത്തായത്.