ബിജെപി ഭയം: മമതക്ക് വോട്ട് കുത്തി ബംഗാള്‍ മുസ്‌ലിംകള്‍

'ഭൂരിപക്ഷം മുസ് ലിംകളും തൃണമൂല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യും. ഒരു ചെറിയ വിഭാഗം ഇടതുപക്ഷത്തിനും വോട്ട് ചെയ്യും. ബിജെപിയെ അകറ്റാന്‍ നിലവില്‍ മുസ്‌ലിംകള്‍ക്ക് മറ്റൊരു ബദല്‍ ഇല്ല. ബിജെപി വിരുദ്ധ വികാരമാണ് മുസ്‌ലിം വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്നത്.' മൈദുല്‍ ഇസ്‌ലാം പറഞ്ഞു.

Update: 2019-05-18 09:40 GMT

കോല്‍കത്ത: ബിജെപിയെ തടയാന്‍ മമതയോടൊപ്പം ചേര്‍ന്ന് പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെങ്കിലും ബിജെപിയെ അകറ്റിനിര്‍ത്താന്‍ മറ്റൊരു ബദല്‍ ഇല്ലാത്ത അവസ്ഥയിലാണ് ബംഗാളിലെ മുസ് ലിംകളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 28 ശതമാനം വരുന്ന മുസ്‌ലിംകളുടെ പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഉറപ്പാക്കാനുള്ള അടവുനയങ്ങളും മമതാ ബാനര്‍ജി സ്വീകരിക്കുന്നുണ്ട്.

2011 വരെ 34 വര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുപക്ഷത്തോടൊപ്പമായിരുന്നു ബംഗാളിലെ ഗ്രാമീണ മേഖലയിലെ വലിയ വിഭാഗം മുസ്‌ലിംകള്‍. എന്നാല്‍, രാജ്യത്ത് ഏറ്റവും പിന്നോക്കാവസ്ഥയിലാണ് ബംഗാളിലെ മുസ്‌ലിംകളെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മുസ്‌ലിംകള്‍ വലിയ തോതില്‍ സിപിഎമ്മുമായി അകന്നു. കുത്തകകള്‍ക്ക് വേണ്ടി സിങ്കൂര്‍, നന്ദിഗ്രാം മേഖലയില്‍ നിന്ന് ബലംപ്രയോഗിച്ച് കുടിയിറക്കിയതും മുസ്‌ലിംകളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. സിപിഎമ്മിന്റെ നിലപാടുകള്‍ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി അടുപ്പിക്കുകയായിരുന്നു. എന്നാല്‍, മമതയും മുസ്‌ലിംകളെ വോട്ട് ബാങ്ക് മാത്രമായാണ് കാണുന്നതെന്ന് മുസ്‌ലിം നേതാക്കള്‍ പറയുന്നു.

അവസാനം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 40 ശതമാനം മുസ്‌ലിംകളും വോട്ട് ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസ്സിനായിരുന്നു. 30 ശതമാനം മുസ്‌ലിംകള്‍ ഇടതുപക്ഷത്തിനും 20 ശതമാനം കോണ്‍ഗ്രസ്സിനും വോട്ട് ചെയ്തു.

എന്നാല്‍, നാളെ അവസാനഘട്ടം പൂര്‍ത്തിയാക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 60 ശതമാനം മുസ്‌ലിം വോട്ടുകളും തൃണമൂല്‍ കോണ്‍ഗ്രസ്സിന് ലഭിക്കുമെന്ന് ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ മൈദുല്‍ ഇസ്‌ലാം പറഞ്ഞു. ബംഗാളിലെ ബിജെപിയുടെ വളര്‍ച്ച മുസ് ലിംകളെ ഭയപ്പെടുത്തുന്നാണ്. ബിജെപിയെ അകറ്റുക എന്ന ലക്ഷ്യം മാത്രമാണ് മുസ്‌ലിംകളെ ഈ തിരഞ്ഞെടുപ്പില്‍ നയിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഭൂരിപക്ഷം മുസ് ലിംകളും തൃണമൂല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യും. ഒരു ചെറിയ വിഭാഗം ഇടതുപക്ഷത്തിനും വോട്ട് ചെയ്യും. ബിജെപിയെ അകറ്റാന്‍ നിലവില്‍ മുസ്‌ലിംകള്‍ക്ക് മറ്റൊരു ബദല്‍ ഇല്ല. ബിജെപി വിരുദ്ധ വികാരമാണ് മുസ്‌ലിം വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്നത്.' മൈദുല്‍ ഇസ്‌ലാം പറഞ്ഞു.




Tags:    

Similar News