അലനേയും താഹയേയും ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ
അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നീ വിദ്യാർഥികളെ കേരള പോലിസ് അറസ്റ്റ് ചെയ്തതും കേസ് എൻഐഎക്ക് കൈമാറിയതും തങ്ങളെ ആശങ്കാകുലരാക്കുന്നതായി പൊതു പ്രസ്താവനയിൽ പറയുന്നു.
കൊച്ചി: അലനേയും താഹയേയും ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകരുടെ പൊതുപ്രസ്താവന. ലഘുലേഖ കയ്യിൽ വെച്ചു എന്നതുൾപ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരിൽ രണ്ടു വിദ്യാർഥികളെ തുറുങ്കിലടക്കുന്നത് ഫലത്തിൽ എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുകയെന്ന് പ്രസ്താവനയിൽ പറയുന്നു.
ചലച്ചിത്ര സംവിധായകൻ രാജീവ് രവി, ബി അജിത്കുമാർ, ഗാനരചയിതാവ് അൻവർ അലി, ശബ്ദലേഖകൻ അജയൻ അടാട്ട്, ചലച്ചിത്ര സംവിധായിക സുധ പദ്മജ ഫ്രാൻസിസ് തുടങ്ങിയ പത്തിലധികം ചലച്ചിത്ര പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. 2019 നവംബർ 1 ന് യുഎപിഎ ചുമത്തി പന്തീരാങ്കാവിൽ വെച്ച് അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നീ വിദ്യാർഥികളെ കേരള പോലിസ് അറസ്റ്റ് ചെയ്തതും കേസ് എൻഐഎക്ക് കൈമാറിയതും തങ്ങളെ ആശങ്കാകുലരാക്കുന്നതായി പൊതു പ്രസ്താവനയിൽ പറയുന്നു.
നാളിതു വരെ മനുഷ്യരാശി സ്വരൂപിച്ചിട്ടുള്ള മുഴുവൻ അറിവുകളും നിർഭയമായി പരിശോധിക്കാനും സ്വന്തം ചുറ്റുപാടുകളെ വിമർശനാത്മകമായി വിലയിരുത്താനും വിദ്യാർഥികൾക്ക് അവകാശമുണ്ട്. ഇന്ത്യയിലെമ്പാടും വിദ്യാർഥികൾ തങ്ങളുടെ വിമർശക സ്വരം ഉയർത്തുന്ന സന്ദർഭവുമാണിത്. ലഘുലേഖ കയ്യിൽ വെച്ചു എന്നതുൾപ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരിൽ രണ്ടു വിദ്യാർഥികളെ തുറുങ്കിലടക്കുന്നത് ഫലത്തിൽ എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുക.
അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും ഉടനെ മോചിപ്പിക്കാനായി എൻഐഎ ആക്ട് സെക് ഷൻ 7B പ്രകാരം അന്വേഷണവും വിചാരണയും സംസ്ഥാന സർക്കാരിനെ തന്നെ ഏല്പിക്കുന്നതിനാവശ്യം ഉന്നയിക്കുന്നതുൾപ്പെടെയുള്ള ഇടപെടലുകൾ നടത്തണമെന്ന് കേരള സർക്കാരിനോട് ചലച്ചിത്ര പ്രവർത്തകർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.