വിവാദ ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേട്; 3.42 കോടി പിഴയൊടുക്കാന്‍ ഇന്‍കം ടാക്‌സ് നോട്ടീസ്

13.77 കോടി രൂപയുടെ വിവാദ ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞമാസം 6 നാണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് ആദായ നികുതി വകുപ്പ് 14 പേജുള്ള ഡിമാന്റ് നോട്ടീസ് നല്‍കിയത്.

Update: 2021-08-12 07:02 GMT
വിവാദ ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേട്; 3.42 കോടി പിഴയൊടുക്കാന്‍ ഇന്‍കം ടാക്‌സ് നോട്ടീസ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും എറണാകുളം- അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്‍കം ടാക്‌സ് നോട്ടീസ്. 13.77 കോടി രൂപയുടെ വിവാദ ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞമാസം 6 നാണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് ആദായ നികുതി വകുപ്പ് 14 പേജുള്ള ഡിമാന്റ് നോട്ടീസ് നല്‍കിയത്. ഈ ഇടപാടുകള്‍ക്ക് 3,42,13,345 രൂപ പിഴയടക്കണമെന്നാണ് ഡിമാന്‍ഡ് നോട്ടീസ്. ഇതിന് മുമ്പ് ഇതേ വിഷയത്തില്‍ 2.48 കോടി രൂപ പിഴയടച്ചിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോള്‍ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാന്‍ നിര്‍ദേശിച്ചത്.

കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മുന്‍ പ്രൊക്യുറേറ്റര്‍ ജോഷി പുതുവ നിര്‍ണായക മൊഴിയും നല്‍കി. ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാള്‍ ആലഞ്ചേരിയാണെന്നും രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ തയ്യാറാക്കി കര്‍ദിനാളിന് കൈമാറിയത് സാജുവാണെന്നും ജോഷി മൊഴി നല്‍കി. കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ചിലരുമായി കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജോഷിയുടെ മൊഴിയില്‍ പറയുന്നു. യഥാര്‍ഥ വിലയേക്കാള്‍ കുറച്ചുകാണിച്ചാണ് ഇടപാട് നടന്നത്. എന്നാല്‍, എറണാകുളം അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നില്ല.

മാത്രമല്ല, കൂടുതല്‍ തുകയുടെ വില്‍പ്പന ഭൂമിയുമായി ബന്ധപ്പെട്ട് നടന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഭൂമി വിലയുടെ കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 14 പേജുള്ള റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ആര്‍ച്ച് ബിഷപ്പിനെതിരേ പുതിയ വിവരം പുറത്തുവന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌ക്കോടതി ഉത്തരവ്.

തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ മുമ്പ് നല്‍കിയ ഹരജി സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്. ഭൂമി ഇടപാടില്‍ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണമെന്നും കര്‍ദിനാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം- അങ്കമാലി അതിരൂപത വിറ്റ അഞ്ച് ഭൂമി കച്ചവട ഇടപാടുകളിലെ ക്രമക്കേടുകള്‍ ഇന്‍കം ടാക്‌സ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്നാണ് സൂചന. കോട്ടപ്പടി ഭൂമി മറിച്ച വില്‍ക്കാന്‍ ചെന്നൈയില്‍നിന്നുള്ള റാം മോഹന്‍ റാവു, ജി അശോക് എന്നിവരുമായി കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇതുസംബന്ധിച്ച് ജോഷി പുതുവ ഇന്‍കം ടാക്‌സിന് മൊഴി കൊടുത്തിട്ടുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു വെളിപ്പെടുത്തി.

Tags: