ഹരിയാന: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ തീപ്പിടിത്തം; 32 കുടിലുകള്‍ കത്തിനശിച്ചു
തീപിടിത്തത്തെതുടര്‍ന്ന് അവിടെ താമസിക്കുന്ന നൂറിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ചണ്ഡീഗഢ്: ഹരിയാനയിലെ നുഹ് ജില്ലയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 32 കുടിലുകള്‍ കത്തിനശിച്ചു. തീപിടിത്തത്തെതുടര്‍ന്ന് അവിടെ താമസിക്കുന്ന നൂറിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. റോഹിന്‍ഗ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് പ്രകാരം, ഈ വര്‍ഷം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തമുണ്ടാകുന്നത് ഇത് മൂന്നാമത്തെ സംഭവമാണ്. നേരത്തേ, ഡല്‍ഹിയിലുണ്ടായ അഗ്നിബാധയില്‍ 55 കുടുംബങ്ങള്‍ക്കും ജമ്മുവിലെ തീപ്പിടിത്തത്തില്‍ 12 കുടുംബങ്ങള്‍ക്കും അഭയകേന്ദ്രം നഷ്ടപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നവരാണ് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍.
2017 ആഗസ്തില്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യാ അതിക്രമത്തെതുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളെ രാജ്യം വിട്ട് പലായനം ചെയ്തു. ഇന്ത്യയില്‍ 40,000 റോഹിന്‍ഗ്യകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവര്‍ വളരെ മോശം സാഹചര്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്.