അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ അഞ്ച് ബന്ധുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
പട്ന: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. ബിഹാറിലെ ലഖിസരായ് ജില്ലയിലെ സിക്കന്ദ്ര- ഷെയ്ഖ്പുര ദേശീയപാത 333ലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാലിയായ എല്‍പിജി സിലിണ്ടറുകള്‍ നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മരണപ്പെട്ട ആറുപേരില്‍ അഞ്ചുപേരും സുശാന്തിന്റെ ബന്ധുക്കളാണ്. സുശാന്തിന്റെ സഹോദരീ ഭര്‍ത്താവായ ഒപി സിങ്ങിന്റെ സഹോദരി ഗീതാ ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് പട്നയില്‍നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ഗീതാ ദേവിയുടെ ഭര്‍ത്താവ് ലാല്‍ജിത് സിങ്, അദ്ദേഹത്തിന്റെ മക്കളായ അമിത് ശേഖര്‍ എന്ന നെമാനി സിങ്, രാം ചന്ദ്രസിങ്, ബന്ധുക്കളായ ബേബി ദേവി, അനിതാ ദേവി, ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ബാല്‍മുകുന്ദ് സിങ്, ദില്‍ ഖുഷ് സിങ് എന്നിവരെ വിദഗ്ധചികില്‍സയ്ക്കായി പട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ബാല്മീകി സിങ്, ടോനു സിങ് എന്നിവര്‍ ലഖിസരായ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹരിയാനയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് സിങ്ങിന്റെ ഭാര്യാ സഹോദരനായിരുന്നു ലാല്‍ജിത് സിങ്. സുശാന്ത് സിങ് രാജ്പുത്തിന്റെ ഭാര്യാ സഹോദരനാണ് ഒ പി സിങ്.