കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ പിന്തുണച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സിപിഎം കേന്ദ കമ്മിറ്റിയംഗം ഇ പി ജയരാജനെതിരേ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയതിന് പിന്നാലെയാണ് പി ജയരാജനെ അനുകൂലിച്ചുള്ള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് കണ്ണൂരിലെ അഴീക്കോട് കടപ്പുറം റോഡില്‍ കാപ്പിലെപ്പീടികയിലാണ് ഫ് ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഒരു കമ്മ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം.
ഒന്ന് വര്‍ഗശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും'- എന്നാണ് ഫ് ളക്‌സിലെ വാചകം. പി ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ് ളക്‌സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആന്തൂര്‍ റിസോര്‍ട്ടിന്റെ പേരില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജിനെതിരേയും ഇ പി അനുകൂലികള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പി ജയരാജന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവാണെന്നും ഫണ്ട് തിരിമറി നടത്തിയെന്നുമായിരുന്നു ആരോപണം. ഈ സാഹചര്യത്തില്‍ക്കൂടിയാണ് പി ജയരാജന് പിന്തുണയുമായി ഫ് ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം, കണ്ണൂരിലെ ഫ് ളക്‌സ് സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി പി ജയരാജന്‍ രംഗത്തുവന്നു. ഇതിന് പിന്നില്‍ വലതുപക്ഷ മാധ്യമങ്ങളാണെന്നാണ് പി ജയരാജന്റെ ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനം. 'കണ്ണൂര്‍ കാപ്പിലെപ്പീടികയില്‍ തന്റെ ഫോട്ടൊയുള്ള ഒരു ഫഌക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമവാര്‍ത്ത. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും. സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകരുള്ള നാടാണിത്.
അതുകൊണ്ടുതന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം. ആര് വച്ചതായാലും ഈ ഫഌക്‌സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്'- ജയരാജന്‍ കുറിച്ചു. പി ജയരാജന് പിന്തുണയുമായി മുമ്പും കണ്ണൂരില്‍ ഫ് ളക്‌സ് ബോര്‍ഡുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പി ജയരാജനെ പിന്തുണച്ച് പിജെ ആര്‍മി എന്ന പ്രൊഫൈലുമുണ്ടായിരുന്നു. എന്നാല്‍, വ്യക്തി ആരാധനയുടെ പേരില്‍ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് പിജെ ആര്‍മിയെ ജയരാജന്‍ തള്ളിപ്പറഞ്ഞിരുന്നു.