ഭക്ഷ്യവിഷബാധ; 12 വിദ്യാര്‍ഥികള്‍ ചികിത്സ തേടി

Update: 2021-10-25 16:25 GMT

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ പെരുമണ്ണയിലുള്ള ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സാ തേടി. ഇതില്‍ എട്ടു പേര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഫുഡ് സേഫ്റ്റി ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന്

കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രഞ്ജിത്ത് പി ഗോപി ഹോസ്റ്റലില്‍ പരിശോധന നടത്തി. സ്ഥാപനം ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി.

കുടിവെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ എടുത്തിരിക്കേണ്ട മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ എടുത്തിരുന്നില്ല. സ്ഥാപനത്തില്‍ കിച്ചന്‍ ഉണ്ടെങ്കിലും പുറമേ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. പ്രഥമദൃഷ്ട്യാ ഫുഡ് പോയ്‌സോണിങ് ആണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ റിപ്പോര്‍ട്ട് നല്‍കാനാകുവെന്നും പരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ വിതരണം ചെയ്ത വെള്ളത്തിന്റെ എവിഡന്‍സ് സാമ്പിള്‍ മൈക്രോബയോളജി കെമിക്കല്‍ എന്നീ പരിശോധനകള്‍ക്കായി മലാപറമ്പ് റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് കോഴിക്കോട് ആര്‍.ഡി.ഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒക്ടോബര്‍ മാസത്തില്‍ കോഴിക്കോട് ഗവ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ഉള്‍പ്പെടെ 14 ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 10 ഹോസ്റ്റലുകളില്‍ നിന്നായി 34000 രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും ഹോസ്റ്റല്‍ മെസുകള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസ്സിസ്റ്റന്റ് കമ്മീഷണര്‍ എം.ടി ബേബിച്ചന്‍ അറിയിച്ചു.

Tags:    

Similar News