ഫുട് ബാള്‍ കോച്ച് ഫൗസിയ മാമ്പറ്റ അന്തരിച്ചു

Update: 2021-02-19 04:32 GMT

കോഴിക്കോട്: പ്രമുഖ വനിതാ ഫുട് ബാള്‍ താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു. നാലു വര്‍ഷമായി അര്‍ബുദ ബാധിതയായിരുന്നു.

നാലു വര്‍ഷം കേരളാ ടീമിന്റെ ഗോള്‍കീപ്പര്‍, രണ്ടു വര്‍ഷം കോച്ച്, ഇപ്പോള്‍ 15 വര്‍ഷത്തോളം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫുട്‌ബോള്‍ കോച്ച്, ജൂനിയര്‍ ഇന്ത്യയ്ക്കും സീനിയര്‍ ഇന്ത്യയ്ക്കും കളിക്കുന്ന രണ്ട് മക്കളടക്കം 13 സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത പരിശീലക തുടങ്ങി കേരളത്തിനകത്തും പുറത്തുമായി നിരവധി നേട്ടങ്ങള്‍ക്കുടമയായിരുന്നു.

വനിതാ ഫുട്‌ബോളില്‍ ആളുകള്‍ സ്വപ്നം കാണുന്നതിനും മുകളിലൂടെയായിരുന്നു ഈ പെണ്‍താരകത്തിന്റെ യാത്ര. കാല്‍പന്തുകളിയില്‍ പുതിയ പെണ്‍ഗാഥ വെട്ടിപ്പിടിക്കാനുള്ള വിശ്രമമില്ലാത്ത ഓട്ടത്തിനിടയില്‍ ഫൗസിയ പലപ്പോഴും തന്നെ മറന്നു. അതുകൊണ്ടുതന്നെ ഫൗസിയയുടെ നേട്ടങ്ങളെയൊന്നും തൊട്ടറിയാന്‍ അധികൃതരും മിനക്കെട്ടുമില്ല.

കോഴിക്കോട് വെള്ളിമാടുകുന്നിലെ മാമ്പറ്റ മന്‍സില്‍ പരമ്പരാഗത മുസ്‌ലിം കുടുംബാംഗം. പിതാവ് മൊയ്തു.മാതാവ് കുഞ്ഞുമറിയംബീ.

വെള്ളയില്‍ ജിയുപി, നടക്കാവ് ഗേള്‍സ്, ആര്‍ട്‌സ് കോളജ് പഠന കാലത്ത് വോളിബോളിലു ക്രിക്കറ്റിലും ഹാന്‍ഡ്‌ബോളിലുമെല്ലാം തിളങ്ങി. പവര്‍ ലിഫ്ടിംങില്‍ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ്പും സൗത്ത് ഇന്ത്യയില്‍ വെങ്കലവും നേടി.

1982 മുതലാണ് ഫുട്‌ബോളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതുപ്പാടി ജോര്‍ജ് മാഷിന്റെ ശിക്ഷണത്തില്‍ ഗ്രൗണ്ടില്‍ പരിശീലനം.

അതിനിടെ കേരളാ ടീമിലേക്ക് സെലക്ഷന്‍. 88, 89, 90, 92 വര്‍ഷങ്ങളില്‍ കേരളാ ടീമിന്റെ ഗോള്‍ കീപ്പര്‍. കാവല്‍ക്കാരി. ഇതിനിടെ പവര്‍ലിഫ്ടിംങ്ങിലും പരീക്ഷണങ്ങള്‍ നടത്തി. 99ല്‍ സ്‌റ്റേറ്റ് പവര്‍ ലിഫ്ടിംങ് നേടി. 2000ല്‍ ഹൈദരബാദില്‍ നടന്ന സൗത്ത് ഇന്ത്യന്‍ പവര്‍ലിഫ്ടിംങില്‍ മൂന്നാംസ്ഥാനവും നേടി.

2002 മുതല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫൗസിയ കോണ്‍ട്രാക്ട് കോച്ചായി. 2005ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ വനിതാ ചാംപ്യന്‍ഷിപ്പിന്റെ കോച്ചായി. അന്ന് കേരളം മൂന്നാം സ്ഥാനം നേടി. 2006ല്‍ ഒറീസയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ഫൗസിയ കേരള കോച്ചായി. അന്ന് കേരളം രണ്ടാംസ്ഥാനക്കാരായി. 2008ലെ അണ്ടര്‍ 14 കേരള ടീമില്‍ 6പേര്‍ ഫൗസിയയുടെ നടക്കാവിലെ കുട്ടികള്‍. ടീം ക്യാപ്റ്റന്‍ നിഖില ഇന്ത്യന്‍ ടീമിലും അംഗമായി. കൊളംബോയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടിയിറങ്ങിയ നിഖില ഒമ്പത് ഗോളുകള്‍ നേടി. 2009ലെ ദേശീയ സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള കേരളാ ടീമില്‍ ഏഴുപേര്‍ ഫൗസിയയുടെ നടക്കാവില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

2002ല്‍ ദക്ഷിണേന്ത്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി. പിന്നീട് ഫുട്‌ബോളിലേക്ക് തിരിഞ്ഞു. കേരള ജൂനിയര്‍ ടീം ഗോള്‍കീപ്പറായിരുന്നു. കളി നിര്‍ത്തി പരിശീലകയായി. 2005ല്‍ കേരളത്തിന്റെ പരിശീലകയായിരുന്നു.

Tags:    

Similar News