പാലക്കാട്: എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയ്‌ക്കെതിരായ വ്യാജരേഖാ കേസില്‍ സൈബര്‍ വിദ്ഗധരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഷോളയൂര്‍, ചെര്‍പ്പുളശ്ശേരി പോലിസ് സ്‌റ്റേഷനുകളിലെ എസ്‌ഐ, സിവില്‍ സര്‍വീസ് പോലിസുകാരെയും ഉള്‍പ്പെടുത്തി. അതേസമയം, സംഭവശേഷം ഒളിവില്‍ പോയ വിദ്യയെ കണ്ടെത്താന്‍ പോലിസിനായിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാണെന്നാണ് പോലിസ് പറയുന്നത്. എറണാകുളം മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്‌തെന്ന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അവകാശപ്പെട്ട് വിദ്യ സമര്‍പ്പിച്ച ബയോഡേറ്റ പോലിസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അട്ടപ്പാടി കോളജില്‍ ജൂണ്‍ രണ്ടിന് സമര്‍പ്പിച്ച ബയോഡേറ്റയിലാണ് 20 മാസത്തെ പ്രവൃത്തി പരിചയമുണ്ടെന്ന് അവകാശപ്പെട്ടിരുന്നത്. മഹാരാജാസിനുപുറമെ മറ്റ് രണ്ട് കോളജിലായി 17 മാസത്തെ പ്രവൃത്തി പരിചയവുമുണ്ടെന്നാണ് ഇതില്‍ പറയുന്നത്. വിദ്യ ഒപ്പിട്ട് നല്‍കിയ രേഖ കേസില്‍ നിര്‍ണായക തെളിവാവുമെന്നാണ് കരുതുന്നത്.