കശ്മീര്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; മുന്‍ എംഎല്‍എമാരും പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ഗുലാം നബി ആസാദിന് പിന്നാലെ ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പാര്‍ട്ടി വിട്ടു. മുന്‍ എംഎല്‍എമാരായ ജി എം സരൂരി ചൗധരി, മുഹമ്മദ് അക്രം, ഗുല്‍സാര്‍ വാനി, ഹാജി അബ്ദുല്‍ റഷീദ്, മുഹമ്മദ് അമീന്‍ ഭട്ട് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ജി എം സരൂരി ചൗധരിയെ കൂടാതെ മുഹമ്മദ് അക്രമും ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ അവസാന നിയമസഭയില്‍ ദേവ്‌സറിനെ പ്രതിനിധീകരിച്ചയാളാണ് മുഹമ്മദ് അമീന്‍ ഭട്ട്.
'ആസാദ് സാഹിബ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിനെ താന്‍ സ്വാഗതം ചെയ്യുന്നു. താനും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി ജി എം സരൂരിയ അറിയിച്ചു. ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ജി എം സരൂരിയുടെ പ്രസ്താവന. ഗുലാം നബി ആസാദ് രാജിവച്ചതിന് പിന്നാലെ കശ്മീരിലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്. അതേസമയം, മുന്‍മന്ത്രി വികാര്‍ റസൂല്‍ വാനിയെ ജെകെപിസിസി അധ്യക്ഷനായി നിയമിച്ചതിനെതിരേ ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ ഏതാനും ഉന്നത നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ ക്യാംപ് ചെയ്യുന്നതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വികാരര്‍ റസൂലിനെ നിയമിച്ചതിലുള്ള അതൃപ്തി അറിയിക്കാന്‍ അവര്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഏതാനും ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നേതാക്കളും നാളെ രാജിവച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷന്‍ സ്ഥാനത്ത് നിയമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും ഗുലാം നബി ആസാദ് രാജിവച്ചതായി അറിയിച്ചു. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി- 23 കൂട്ടായ്മയിലെ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്.
കോണ്‍ഗ്രസിന് തീര്‍ത്തും അപ്രതീക്ഷിതമാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുകയാണ് എങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്ന പ്രതീക്ഷയായിരുന്നു എഐസിസിക്കുണ്ടായിരുന്നത്. നാഷനല്‍ ഹെറാള്‍ഡ് ദിനപത്രം കേസില്‍ സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് 'ഗൗരവ് യാത്ര'യില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല, കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജി 23 യിലെ പ്രധാനിയായ കപില്‍ സിബല്‍ എസ്പിയിലേക്ക് കൂടുമാറിയ ശേഷം കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന രാജി കൂടിയായി ഗുലാം നബി ആസാദിന്റേത്. മറ്റൊരു മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മയും പാര്‍ട്ടിയുമായി ശീതയുദ്ധത്തിലാണ്.
അതേസമയം, ഗുലാം നബിയുടെ രാജി ദൗര്‍ഭാഗ്യകരമെന്ന് ജയറാം രമേശ് പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. 2013ല്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി ഉപാധ്യക്ഷനായി ചുമതലയേറ്റതോടെ കോണ്‍ഗ്രസിലെ കൂടിയാലോചനകള്‍ അവസാനിച്ചതെന്നാണ് വിമര്‍ശനം. മുതിര്‍ന്ന നേതാക്കളെ പിന്‍തള്ളിക്കൊണ്ട് മുന്‍പരിചയം തീരെയില്ലാത്ത സ്വാര്‍ഥരായ ആളുകളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നു. ഇവരെടുത്ത തീരുമാനങ്ങളാണ് പിന്നീട് പാര്‍ട്ടിയെ തകര്‍ത്തത്.
ഓര്‍ഡിനന്‍സ് മാധ്യമങ്ങള്‍ക്കു മുമ്പില്‍വച്ച് വലിച്ചു കീറിയ നടപടി രാഹുലിന്റെ പക്വതയില്ലായ്മ എടുത്തുകാണിക്കുന്നതാണെന്നു കത്തില്‍ പറയുന്നു. നിലവില്‍ സോണിയാ ഗാന്ധി അധ്യക്ഷയായിരിക്കുമ്പോഴും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാഹുലിന്റെ ഓഫിസ് സ്റ്റാഫാണ്. രാഹുലിന്റെ പിഎയും സുരക്ഷാ ജീവനക്കാരും അടക്കമുള്ളവര്‍ തീരുമാനങ്ങളെടുക്കുന്നു. തിരിച്ചുവരാനാവാത്ത വിധം രാഹുല്‍ കോണ്‍ഗ്രസിനെ തകര്‍ത്തു. ഭാരത് ജൂഡോ യാത്രയ്ക്ക് പകരം കോണ്‍ഗ്രസ് ജൂഡോ യാത്രയാണ് രാഹുല്‍ നടത്തേണ്ടിയിരുന്നത്. കോണ്‍ഗ്രസില്‍ ഐക്യം കൊണ്ടുവരാനുള്ള ഒരു നീക്കവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു.