മഥുര ഈദ്ഗാഹ് മസ്ജിദില്‍ ഹനുമാന്‍ ചാലിസ; നാലു പേര്‍ കസ്റ്റഡിയില്‍

ഗോവര്‍ധന്‍ മേഖലയിലെ ഈദ്ഗാഹ് മസ്ജിദില്‍ വച്ച് ഏതാനും പേര്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്തതായി സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് നടപടി സ്വീകരിക്കുകയുമായിരുന്നുവെന്ന് മഥുര റൂറല്‍ പോലിസ് സൂപ്രണ്ട് ഷിരീഷ് ചന്ദ്ര പറഞ്ഞു.

Update: 2020-11-04 01:32 GMT

ലക്‌നോ: മഥുര ഈദ്ഗാഹ് മസ്ജിദില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്ത് പ്രകോപനം സൃഷ്ടിച്ച നാലു പേര്‍ കസ്റ്റഡിയില്‍. സൗരഭ് ലംബാര്‍ദാര്‍, കന്‍ഹ, രാഘവ്, കൃഷ്ണ താക്കൂര്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച ഒരു പ്രാദേശിക ക്ഷേത്രത്തില്‍ രണ്ടു മുസ്‌ലിം യുവാക്കള്‍ നമസ്‌കാരം നിര്‍വഹിച്ചതിന് മറുപടിയായാണ് പ്രതികള്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്തതെന്ന് പോലിസ് പറഞ്ഞു.

ഗോവര്‍ധന്‍ മേഖലയിലെ ഈദ്ഗാഹ് മസ്ജിദില്‍ വച്ച് ഏതാനും പേര്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്തതായി സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് നടപടി സ്വീകരിക്കുകയുമായിരുന്നുവെന്ന് മഥുര റൂറല്‍ പോലിസ് സൂപ്രണ്ട് ഷിരീഷ് ചന്ദ്ര പറഞ്ഞു. സമാധാനം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തിയെന്ന് പ്രതികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് തെറ്റായ രീതിയിലാണ് ചെയ്തത്.

നാലു പേര്‍ക്കെതിരേയും സിആര്‍പിസി സെക്ഷന്‍ 151 പ്രകാരം നോട്ടീസ് നല്‍കിയതായും ഷിരീഷ് ചന്ദ്ര പറഞ്ഞു. നാലുപേരും ഗോവര്‍ദ്ധന്‍ പ്രദേശത്തുനിന്നുള്ളവരാണെന്നും ഏതെങ്കിലും മതസംഘടനയുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അവര്‍ ഈദ്ഗാഹ് മസ്ജിദില്‍ പ്രവേശിച്ച് മറ്റ് സ്തുതിഗീതങ്ങള്‍ക്കൊപ്പം ചാലിസ പാരായണം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയുമായിരുന്നു.

അതിനിടെ, അയല്‍ പ്രദേശമായ ആഗ്ര ജില്ലയില്‍ അജ്ഞാതര്‍ നഗരത്തിലെ മൂന്ന് പള്ളികളുടെ കവാടങ്ങള്‍ തകര്‍ത്തു. പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ആഗ്ര എസ്എസ്പി ബാബ്ലൂ കുമാര്‍ പറഞ്ഞു. പള്ളികളുടെ കവാടങ്ങള്‍ തകര്‍ത്ത അജ്ഞാത സംഘം ഇവിടെ കാവി നിറം പൂശിയതായും പ്രദേശവാസികള്‍ പറഞ്ഞു.

Tags:    

Similar News