ഭര്‍ത്താവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന ഭാര്യയുടെ പരാതിയില്‍ നാലു പേര്‍ പിടിയില്‍; കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്നു എന്നു ഭര്‍ത്താവ്

പയ്യന്നൂര്‍: തിരുവനന്തപുരം പൂന്തുറയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയില്‍ നാലു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം എ നജിംഷാ (41), ബിജു പ്രസാദ് (28), കെ അജിത് കുമാര്‍ (56) എന്നിവരെയാണ് പൂന്തുറ പോലിസിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. തട്ടിക്കൊണ്ടുപോവലിന് ഇരയായെന്ന് പറയപ്പെടുന്ന യുവാവ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആര്‍ എസ് രഞ്ജിത്തും (32) പോലിസിന്റെ കസ്റ്റഡിയിലുണ്ട്.
എന്നാല്‍, തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്നു എന്നുമാണ് രഞ്ജിത് പോലിസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
രഞ്ജിത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് പൂന്തുറ പോലിസ് തട്ടിക്കൊണ്ടുപോവലിന് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രഞ്ജിത്തിന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും സ്വിച്ച്ഓഫായിരുന്നു. ഇയാള്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയാണെന്നാണ് സൈബര്‍ സെല്‍ പൂന്തുറ പോലിസിനെ അറിയിച്ചത്. ഇതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പോലിസിനെ പൂന്തുറ പോലിസ് ബന്ധപ്പെട്ടു. അങ്ങനെയാണ് പയ്യന്നൂര്‍ ബസ്റ്റാന്‍ഡിന് സമീപത്ത് നിന്നു കാറിലെത്തിയ സംഘത്തെ പിടികൂടിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്.