ചോര്‍ത്തിയത് 8.70 കോടി വ്യക്തിവിവരങ്ങള്‍; ഫെയ്‌സ്ബുക്കിന് അഞ്ചു കോടി ഡോളര്‍ പിഴ

8.7 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് കേസ്.

Update: 2019-07-13 19:27 GMT

വാഷിങ്ടന്‍: വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിന് 5 കോടി ഡോളര്‍ പിഴ ചുമത്തി യുഎസ് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി). ഏകദേശം 34,300 കോടി രൂപയോളം വരുമിത്. ഒരു സിവില്‍ കേസില്‍ ഫെയ്‌സ്ബുക്ക് അടയ്‌ക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാണിത്.

8.7 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് കേസ്. ഒത്തു തീര്‍പ്പ് വ്യവസ്ഥയെ രണ്ട് ഡെമോക്രാറ്റുകള്‍ എതിര്‍ത്തപ്പോള്‍ മൂന്ന് റിപ്പബ്ലിക്കന്‍സുകള്‍ പിന്തുണച്ചെന്നാണു വിവരം.

പിഴ കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീര്‍പ്പ് ഉപാധിയിലുണ്ടെന്നാണു റിപ്പോര്‍ട്ട്. പിഴ വളരെ കുറഞ്ഞുപോയെന്ന് ചില ഡെമോക്രാറ്റ് ജനപ്രതിനിധികള്‍ ആരോപിച്ചു. പിഴത്തുക ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക വരുമാനത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനെപ്പറ്റി ചിന്തിപ്പിക്കാന്‍ പോന്നതല്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി ഡേവിഡ് സിസിലിന്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ഫെയ്‌സ്ബുക്കിന്റെ വരുമാനം 15.1 ബില്യന്‍ ഡോളറാണ്. പിഴത്തുക അടച്ച് കേസില്‍നിന്ന് തടിയൂരാമെന്നതു മുഖംരക്ഷിക്കാന്‍ പാടുപെടുന്ന ഫെയ്‌സ്ബുക്കിന് ആശ്വാസകരമാണ്. ഇടപാടിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. പിഴത്തുകയെപ്പറ്റി പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്കോ എഫ്ടിസിയോ തയാറായില്ല.

Tags:    

Similar News