തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി; കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍

Update: 2022-03-12 06:54 GMT

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി 'ഗ്രൂപ്പ് 23' നേതാക്കള്‍ രംഗത്ത്. ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ഇനി കാലതാമസമുണ്ടാവരുതെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ എഐസിസി സമ്മേളനം വിളിക്കണം. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന ബോഡിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താനും നേതാക്കള്‍ ആവശ്യപ്പെട്ടു. നേതൃനിരയില്‍ ഗാന്ധി കുടുംബം മുന്നോട്ടുവയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. എന്നാല്‍, പ്രവര്‍ത്തക സമിതി ചേരുന്നതില്‍ മൗനം തുടരുകയാണ് നേതൃത്വം.

ഒന്നിന് പിന്നാലെ ഒന്നായി ഓരോ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തുകൂടിയത്. അധ്യക്ഷ സ്ഥാനത്തുനിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്റെ ആലോചന. ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു.

സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരേ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്റെ തീരുമാനം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പോലും ഏകപക്ഷീയമായിരുന്നു- തോല്‍വിക്ക് പ്രധാന കാരണമായി നേതാക്കള്‍ വിലയിരുത്തി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പഞ്ചാബ് നഷ്ടപ്പെട്ടു. ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

കൂടാതെ ഉത്തര്‍പ്രദേശിലും വലിയ തകര്‍ച്ചയാണുണ്ടായത്. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ജി 23 നേതാക്കള്‍ അസംതൃപ്തരാണ്. 'കോണ്‍ഗ്രസിന്റെ ആദ്യകുടുംബം മാറിനിന്ന് പുതിയ നേതൃത്വത്തിന് വഴിയൊരുക്കുകയോ പാര്‍ട്ടി നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയോ ചെയ്യുക, പാര്‍ട്ടി പ്രവര്‍ത്തനത്തിന് 24 മണിക്കൂറും ലഭ്യമായിരിക്കുക, അല്ലെങ്കില്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമുണ്ടാവില്ലെന്ന് പ്രമുഖ നേതാവ് പറഞ്ഞു.

Tags:    

Similar News