താന്ത്രിക വിദ്യകളുടെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച 'ഗുരു സംഘത്തിലെ' 14 പേര്‍ അറസ്റ്റില്‍

സംഭല്‍: താന്ത്രിക വിദ്യകളുടെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പതിനാലു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുരു എന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവര്‍. ആഗ്രയിലെ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായ രഘുബീര്‍ സിങ്, ജ്യോല്‍സ്യനായ ഡി എന്‍ ത്രിപാദി അടക്കമുള്ളവരാണ് പിടിയിലായിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. പ്രതികളില്‍ നിന്ന് പെണ്‍കുട്ടികളുടെ നിരവധി വീഡിയോകളും കണ്ടെടുത്തു.
പെണ്‍കുട്ടികളെ ഒരു ബോര്‍ഡും പിടിപ്പിച്ച് നിര്‍ത്തിയ വീഡിയോകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ അവരുടെ പ്രായവും ഉയരവും തൂക്കവും ശരീരത്തിന്റെ അളവുകളും മറ്റു രേഖപ്പെടുത്തിയിട്ടുള്ളതായി അഡീഷണല്‍ എസ്പി അനുകൃതി ശര്‍മ പറഞ്ഞു. കൂടാതെ മൂങ്ങകളുടെയും ആമകളുടെയും മറ്റു വന്യജീവികളുടെ ചിത്രങ്ങളും കണ്ടെത്തി. ഈ ജീവികളെ ബലി നല്‍കിയതായും പോലിസ് സംശയിക്കുന്നു.
വാരാണസി, ഇറ്റാ, മഥുര, ഫിറോസാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും സംഘത്തിന്റെ വലയില്‍ വീണിട്ടുണ്ട്. പെണ്‍കുട്ടികളെ ചരക്ക്, തക്കാളി എന്നൊക്കെയാണ് ഈ സംഘം വിളിച്ചിരുന്നത്. അഞ്ച് അടി അഞ്ച് ഇഞ്ച് ഉയരമുള്ള കന്യകയായ പെണ്‍കുട്ടികളെയാണ് സംഘം പൂജകള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. ശരീരത്തില്‍ ടാറ്റൂവോ മറ്റു അടയാളങ്ങളോ പാടില്ലെന്നും നിബന്ധനയുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികളെ വച്ചാണ് പൂജകള്‍ നടത്തിയിരുന്നത്. ധന്‍വര്‍ഷ ക്രിയ എന്ന പൂജയാണ് നടത്തിയിരുന്നത്. പൂജ കഴിഞ്ഞാല്‍ കുടുംബത്തിന് സാമ്പത്തിക ഉയര്‍ച്ചയുണ്ടാവുമെന്നായിരുന്നു വാഗ്ദാനം. പൂജ നടത്തിയിട്ടും സമ്പത്ത് വര്‍ധിക്കാത്തതിനെ തുടര്‍ന്ന് ഇറ്റ സ്വദേശിയായ ഒരു പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. പൂജക്ക് ചെന്നപ്പോള്‍ തനിക്ക് ഒരു പ്രസാദം തന്നെന്നും അതിന് ശേഷം ബോധം പോയെന്നും ഒരു പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അബോധാവസ്ഥയിലുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.